റാഞ്ചി: ജാർഖണ്ഡിലെ രാംഘട്ട് ജില്ലയിൽ നിന്നുള്ള 27 കാരിയായ കവിത കുമാരിയുടെ പോരാട്ടവീര്യം രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾക്കാണ് പ്രചോദനമാകുന്നത്. ഹോം ഗാർഡ് ജോലി നേടുന്നതിനുള്ള ഫിസിക്കൽ ട്രയൽ റണ്ണിൽ സാരിയും ധരിച്ച് നഗ്നപാദയായിട്ടാണ് കവിത 1,600 മീറ്റർ ഓടിയത്. പത്ത് മിനിറ്റ് സമയം അനുവദിച്ചിരുന്നിടത്ത് വെറും ആറ് മിനിറ്റിനുള്ളിൽ ഈ ദൂരം പൂർത്തിയാക്കിയാണ് കവിത എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
മൂന്ന് വർഷം മുമ്പ് ഭർത്താവ് ദീപക് മഹതോ ദീർഘകാലത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കവിതയുടെ ജീവിതം കഷ്ടപ്പാടിലായത്. രണ്ട് ചെറിയ കുട്ടികളെയും പോറ്റാൻ കവിത സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബത്തിന് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി കവിത ഒരു സർക്കാർ ജോലി ലക്ഷ്യമിടുകയായിരുന്നു. ഇതിനായി ദിവസവും പുലർച്ചെ നാല് മണിക്ക് കുട്ടികൾ ഉണരുന്നതിന് മുൻപ് നാട്ടുവഴികളിൽ കവിത പരിശീലനം നടത്തിയിരുന്നു. ഷൂസോ മറ്റ് കായിക ഉപകരണങ്ങളോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതിരുന്നിട്ടും ആത്മവിശ്വാസം കൈവിടാൻ അവർ തയ്യാറായില്ല.
ഒക്ടോബർ 24 നും നവംബർ 5 നും ഇടയിൽ നടക്കാനിരിക്കുന്ന ഔദ്യോഗിക ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റ് ഫിസിക്കൽ ടെസ്റ്റിന് മുന്നോടിയായി ഒരു പ്രാദേശിക പരിശീലന അക്കാദമി നടത്തിയ ട്രയൽ റണ്ണിലാണ് കവിത പങ്കെടുത്തത്. കഠിനമായ ചൂടിൽ നഗ്നപാദയായി സാരി ധരിച്ച് കവിത ഓടിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. രാംഘട്ട് ജില്ലയിൽ 284 ഹോം ഗാർഡ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിൽ 50 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.