വിവാഹത്തിന് പിന്നാലെ പുതിയ വിശേഷമുണ്ടെന്ന് അറിയിച്ച് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇനി ഞങ്ങൾ മൂന്നുപേരാണ് എന്ന കുറിപ്പോടെ രശ്മിക പങ്കുവച്ച ചിത്രങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.
രശ്മിക മൂന്നുപേർ എന്നു കുറിച്ചപ്പോൾ ഗർഭിണിയാണോ എന്നാണ് ആദ്യം ആരാധകർ കരുതിയത്. എന്നാൽ ടെറിബ്ലി ടൈനി ടെയിൽസിന്റെ ‘രശ്മിക ആൻഡ് റൂ’ എന്ന ആനിമേറ്റഡ് സീരീസിന്റെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം.
രശ്മികയുടെ വ്യക്തിത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച റൂ എന്ന ആനിമേറ്റഡ് കഥാപാത്രത്തിനൊപ്പം വിജയ് ദേവരകൊണ്ടയുടെ സാന്നിധ്യം കൂടി എത്തുന്നതോടെയാണ് തങ്ങൾ ഇനി മൂന്നുപേർ എന്ന് താരം കുറിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു രശ്മികയുടെയും വിജയ്യുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന് ശേഷം ഹൈദരാബാദിൽ വച്ച് സിനിമാ മേഖലയിലുള്ളവർക്കായി ഇവർ വിരുന്നും ഒരുക്കിയിരുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.