ആട് 3, കത്തനാർ എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഓപ്പറേഷൻ ത്രാൾ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. രതീഷിന്റെ ആദ്യ സംവിധാനചിത്രമാണിത്.
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിർമാണം. രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.