പുത്തൂർ: പഞ്ചായത്ത് വാർഡ് 13 അഴീക്കോടൻ ഗ്രാമവും സ്വപ്നഭൂമിയും 37 കുടുംബങ്ങൾക്ക് ആധാരം കൈമാറൽ ഉദ്ഘാടനം റവന്യു മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.
60 വയസ് കഴിഞ്ഞവർക്ക് 1600 രൂപ കുടിശികയും പുതിയ പെൻഷൻ തുകയായ 2000 രൂപയും ചേർത്ത് 3600 രൂപ നവംബർ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷനായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 35-60 വയസിനിടയിലുള്ള മഞ്ഞ അല്ലെങ്കിൽ പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ ആയി നല്കുമെന്നും അങ്കണവാടി പ്രവർത്തർക്കും ആശാ പ്രവർത്തകർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും വേതനം വർധിപ്പിക്കുകയും ഒരു കിലോ നെല്ലിന്റെ വില 28.20 രൂപയിൽ നിന്നും 30 രൂപ ആക്കി നാട് മാറുമ്പോൾ വീടിനും ഭൂമിക്കും ഉറപ്പ് നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് തിരിച്ചറിയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. എസ് ബാബു, പുത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. സജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം.എൻ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.