തിരുവനന്തപുരം: ഭരണം മാറിയിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് മാറ്റമില്ല. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സർക്കാർ ആകെ ലക്ഷ്യമിട്ട കടമെടുപ്പിന്റെ 46.91 ശതമാനം എടുത്തുകഴിഞ്ഞു. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 26,461.75 കോടി രൂപയാണ് സർക്കാർ കടമെടുത്തത്.
വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ വേഗത്തിൽ ചെലവ് ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിനായി കടമെടുത്ത പണത്തിന്റെ വലിയൊരു ഭാഗം നിത്യചെലവുകൾക്കാണ് വിനിയോഗിക്കുന്നത്. ഇതോടെ സാമ്പത്തിക കമ്മിയും കടവും ബജറ്റിൽ കണക്കാക്കിയതിന്റെ പകുതിയോളം ആദ്യ നാലു മാസങ്ങൾക്കുള്ളിൽ തന്നെ എത്തിയിരിക്കുകയാണ്.
ഈ സാമ്പത്തിക വർഷം 56,413.06 കോടി രൂപയാണ് സർക്കാർ ആകെ കടമെടുക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സമാഹരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലക്ഷ്യമിട്ട കടമെടുപ്പിന്റെ 47.08 ശതമാനം എടുത്തിരുന്നു. അതായത് സർക്കാർ മാറിയെങ്കിലും കടമെടുപ്പിന്റെ വേഗത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
ആദ്യ നാല് മാസത്തെ കടമെടുപ്പിൽ 11,503.47 കോടി രൂപ ഏപ്രിലിൽ മുൻ സർക്കാരിന്റെ കാലത്താണ് എടുത്തത്. മേയ് മുതൽ ജൂലൈ വരെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി 14,958.28 കോടി രൂപ കടമെടുത്തത്. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് മാത്രമാണ് സാമ്പത്തിക രംഗത്തെ ആശ്വാസകരമായ മാറ്റം.