റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു. ക്യാപ്റ്റൻ ഹമൗദ് അലി അൽകൽതമിയാണ് കൊല്ലപ്പെട്ടതെന്ന് സൗദിയ എയർലൈൻസ് അറിയിച്ചു. ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ചയാണ് യെമനിലെ ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ റിയാദിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളും വിവിധ കമ്പനികൾ റദ്ദാക്കി.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 10 വരെയുള്ള സർവീസുകളും മടക്കയാത്രകളും ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അധിക നിരക്കില്ലാതെ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
നേരത്തെ ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരിച്ചിറക്കിയിരുന്നു. സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും സർവീസുകൾ സാധാരണ നിലയിലാക്കുന്നതിൽ തീരുമാനമുണ്ടാകുക.