കൊച്ചി: ടാര്‍ വില കുത്തനെ കൂടിയതോടെ സംസ്ഥാനത്തു റോഡ് നിര്‍മാണം പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നാണ് പെട്രോളിയം ഉത്പന്നമായ ടാറിന്റെ വില വര്‍ധിച്ചത്. ഇതോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പല റോഡുകളുടെയും നിര്‍മാണം അവതാളത്തിലായിരിക്കുകയാണ്.
നിലവിലെ നിരക്കില്‍ നിര്‍മാണം തുടരുന്നത് സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്ന് ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എല്ലാ കരാറുകള്‍ക്കും വില വ്യതിയാനവ്യവസ്ഥ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
മാര്‍ച്ചില്‍ കിലോയ്ക്ക് 40 മുതല്‍ 45 രൂപ വരെയായിരുന്ന ടാറിന് നിലവില്‍ 120 മുതല്‍ 140 രൂപ വരെയാണു നല്‍കേണ്ടത്. ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ഗ്രാമീണ റോഡുകളുടെ ഉള്‍പ്പടെ നിര്‍മാണം ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയതോടെ പരമ്പരാഗത നിര്മാണരീതിയേക്കാള് നാലിരട്ടി ടാറാണ് ആവശ്യമായി വരുന്നത്.
വില വര്‍ധനയെത്തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്തു നടക്കേണ്ട റോഡ് നവീകരണ ജോലികള്‍ പലയിടത്തും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. പലയിടത്തും പണികള്‍ ആരംഭിച്ചിട്ടുപോലുമില്ല. ടാറിന്റെ വിലക്കൂടുതല്‍ കാരണം ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കാന്‍ ദേശീയപാത അഥോറിറ്റി കരാറുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. അതേരീതിയില്‍ സംസ്ഥാനസര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്ന് കരാറുകാരും ആവശ്യപ്പെടുന്നു.
18 മാസത്തിലധികം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ള റോഡ് പണികള്‍ക്കു വിലവ്യതിയാന വ്യവസ്ഥ ബാധകമായതിനാല്‍ അവയുടെ കരാറുകാര്ക്കാണു നഷ്ടപരിഹാരം ലഭിക്കുന്നത്. 18 മാസത്തില്‍ കുറവ് പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ള ചെറുകിട, ഇടത്തരം പ്രവൃത്തികള്‍ക്കു മാത്രമാണ് വിലവര്‍ധന മൂലമുള്ള നഷ്ടപരിഹാരം ലഭിക്കാത്തത്.
അടങ്കല്‍ തുകയോ പൂര്‍ത്തിയാക്കല്‍ കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രവൃത്തികള്‍ക്കും വിലവ്യതിയാന വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ ബാധകമാക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. പിഡബ്യുഡി സ്പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഈ ആവശ്യം കരാറുകാര്‍ മുന്നോട്ടുവയ്ക്കും.
അതിനിടെ റോഡ് നിര്‍മാണത്തിനാവശ്യമായ മെറ്റലിനും ക്ഷാമം നേരിടുകയാണ്. 3000ഓളം ക്വാറികള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തു നിലവില്‍ 150 ഓളം മാത്രമാണു പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള മെറ്റല്‍ വരവ് നിലച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.