കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്‌ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്‍റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്‍റെ രാഷ്‌ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്‍റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്‍റെ സബ്‌സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്‌യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്‍റെ കോട്ടയിൽനിന്നു യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്‌യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്‍റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.