റൊസാരിയോ: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്റീനൻ സമയം രാത്രി പത്തിന് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യമെന്ന് അധികൃതർ വ്യക്തമാക്കി. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു.
മെസിയുടെ മാനേജർ കൂടിയായ ഹോർഹെ കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. ലോകകപ്പ് സമയത്തും അദ്ദേഹത്തിന്റെ രോഗം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. മെസിയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തായിരുന്നു ഹോർഹെ.
കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവായിരുന്നു. മെസി ന്യൂവൽസ് ഓൾഡ് ബോയ്സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് 13-ാം വയസിൽ മെസിയെ ബാഴ്സലോണയിലെത്തിയപ്പോഴും കൂടെ പിതാവുണ്ടായിരുന്നു.
മെസിയുടെ ഔദ്യോഗിക ഏജന്റായും പ്രവർത്തിച്ചത് പിതാവായിരുന്നു. ബാഴ്സലോണ, പിഎസ്ജി, ഇന്റർ മയാമി ക്ലബുകളുമായുള്ള കരാറുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കളിക്കളത്തിന് പുറത്ത് മെസിയുടെ വാണിജ്യ-പരസ്യ കരാറുകളും ഹോർഹെ മെസിയാണ് നിയന്ത്രിച്ചിരുന്നത്.