വെല്ലിംഗ്ടൺ: ജുറാസിക്ക് പാർക് സിനിമകളിൽ ഡൈനോസർ ഗവേഷകനായ ഡോ. അലൻ ഗ്രാന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ന്യൂസിലൻഡ് നടൻ സാം നീൽ (78) അന്തരിച്ചു. അപ്രതീക്ഷിത മരണമായിരുന്നുവെന്നു കുടുംബം പറഞ്ഞു.
ദീർഘകാലത്തെ ചികിത്സയ്ക്കുശേഷം രക്താർബുദത്തിൽനിന്നു മുക്തനായെന്ന് അദ്ദേഹം ഏപ്രിലിൽ അറിയിച്ചിരുന്നു. അർബുദം മൂലമല്ല മരണമെന്നു കുടുംബം വ്യക്തമാക്കി.
പലതരം വേഷങ്ങൾ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള നടനായിരുന്നു നീൽ എന്നാണു വിമർശകർ വിലയിരുത്തുന്നത്.
സ്കൂൾ കാലത്ത് നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. അന്‍പതിലധികം സിനിമകളിൽ വേഷം ലഭിച്ചു. ദ പിയാനോ (1993), ഈവിൾ ഏഞ്ചൽസ് (1998), ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990) തുടങ്ങിയവ പ്രധാന ഹോളിവുഡ് സിനിമകളാണ്.