അഞ്ചല്‍ : ശാമുവേലിന് കൃഷി എന്നാല്‍ വികാരമാണ്. ഇട്ടിവ പഞ്ചായത്തിലെ മഞ്ഞപ്പാറ മലപ്പേരൂരിലുള്ള വീടിനോട് ചേര്‍ന്ന് ഒന്നരയേക്കറോളം വരുന്ന ഭൂമിയില്‍ ഒരു സെന്റ് പോലും പാഴാക്കാതെയാണ് ശാമുവേല്‍ പണയില്‍ എന്ന വയോധികന് സമ്മിശ്ര കൃഷി ചെയ്തിരിക്കുന്നത്.
കൃഷിയെന്ന് പറഞ്ഞാല്‍ പേരിനു വേണ്ടി ഒന്നോ രണ്ടോ ഇനമല്ല. വ്യത്യസ്തവും വേറിട്ടതുമായി നിരവധി കാര്‍ഷിക വിളകളാണ് കൃഷിയിറക്കിയിട്ടുള്ളത്. വാഴ, കുരുമുളക്, മരച്ചീനി, മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, മൈസൂര്‍ മഞ്ഞള്‍, ചോളം, ഇഞ്ചി, ചേന ചേമ്പ്, കാച്ചില്, മധുരകിഴങ്ങ്, കൂവ തുടങ്ങി കര്‍ഷിക വിളകളും റംബുട്ടാന്, സപ്പോട്ട, അവക്കാടൊ, സീതപ്പഴം, അബിയു തുടങ്ങിയ ഫലവൃക്ഷങ്ങളും ശാമുവേലിന്റെ തോട്ടത്തിലുണ്ട്. ചോളം വിവിധ തരത്തിലുള്ളവയുണ്ട്.
മണിച്ചോളം, പോപ്കോൺ, മഞ്ഞച്ചോളം, മാര്‍ബിള്‍ ചോളം തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ മണിച്ചോളത്തിന്റെ വിളവെടുപ്പ് നടന്നുവരികയാണ്.
പ്രതികൂല കാലാവസ്ഥ, കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തുടങ്ങി പ്രതിസന്ധിളെ തരണം ചെയ്താണ് കര്‍ഷിക രംഗത്ത് ശാമുവേല്‍ മുന്നേറുന്നത്.
പൂര്‍ണമായും ജൈവ കൃഷി രീതി അവലംബിച്ചാണ് കൃഷിയിറക്കുന്നത്. വളം നിര്‍മാണത്തിനുള്ള പ്രത്യേക സജീകരണങ്ങളും കമ്പോസ്റ്റ് നിര്‍മാണവുമുണ്ട്. ഒന്നരയേക്കര്‍ റബര്‍ തോട്ടം വെട്ടി തെളിച്ചാണ് ജൈവ കൃഷിയിലേക്ക് തിരിഞ്ഞത്. വിളയിച്ചെടുക്കുന്ന ചോളവും കസ്തൂരി മഞ്ഞളും കൂവപ്പൊടിയുമെല്ലാം ഫാം ഫോക്ക് എന്ന ബ്രാന്‍ഡിലാണ് വിപണിയിലിറക്കുന്നത്. 50 സെന്റ് വസ്തുവില്‍ വിളയിച്ചെടുക്കുന്ന കൂവയില്‍ നിന്ന് ഓരോ സീസണിലും 300 കിലോയോളം കൂവപ്പൊടി ലഭിക്കുന്നു. വാഴക്കുലയില്‍ നിന്ന് ഏത്തക്കാ ചിപ്സ്, ഏത്തക്കായ പൊടി, മരച്ചീനി ഉണക്കിയും, ചക്ക വറ്റല്‍ ഉള്‍പ്പടെ വിപണിയിലെത്തിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും വിവിധ സംഘടനകളുടെയും മികച്ച കര്‍ഷകനുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്്. ഇന്ന് ഇട്ടിവ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പിലാക്കുന്ന കര്‍ഷക ദിനത്തില്‍ മുതിര്‍ന്ന കര്‍ഷകനുള്ള അവാര്‍ഡ് ശാമുവേലിന് സമ്മാനിക്കും. തന്നാല്‍ കഴിയുംവരെ കൃഷി ചെയ്തു ജീവിക്കണമെന്ന വാശിയുള്ള ശാമുവേലിന് എല്ലാ പിന്തുണയും നല്കി ഭാര്യ മോളിക്കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങളും ഒപ്പമുണ്ട്. ധാരാളമായി ചെയ്യുന്നതിന് പകരം ഓരോ സീസണിലും ഉപഭോക്താക്കള്ക്കെന്താണോ കൂടുതല്‍ ആവശ്യമെന്നു മനസിലാക്കി ആവശ്യമായ കൃഷിയിറക്കുകയാണ് ചെയ്യുന്നത്.