സുൽത്താൻ ബത്തേരി: മൂന്ന് വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ ജനവാസകേന്ദ്രത്തിൽ വീണ്ടും കണ്ടതോടെ ചീരാൽ മേഖലയിൽ ആശങ്ക വർധിച്ചു. ഇന്നലെ രാത്രി എട്ടോടെ വെള്ളച്ചാൽ സ്വദേശി ധനേഷ് കടുവയുടെ മുന്നിൽപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു.
കടുവയെ കണ്ടതോടെ ധനേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച സ്ഥലത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായില്ല. തുടർന്ന് തെർമൽ കാമറയും ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ച് നടത്തിയ പരിശോധനയിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
പിന്നീട് ഒരു ലൈവ് കാമറയും എട്ട് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. 13 വനം അംഗങ്ങളടങ്ങിയ വകുപ്പ് സംഘവും പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. വെള്ളച്ചാൽ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. നന്പ്യാർകുന്ന് ആശ്രമം ഭാഗത്തും കാടുമൂടിയ കൃഷിയിടങ്ങളിലും ഉൾപ്പെടെ വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കി.
കടുവ ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന വ്യാപിപ്പിച്ചത്. കടുവയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കടുവയെ പിടികൂടുന്നതിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.