അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിൽ വീട് തകർന്നു. അറ്റകുറ്റപ്പണിക്കായി ദിവസങ്ങൾക്കുമുന്പ് ലക്ഷങ്ങൾ ചെലവഴിച്ച പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചാലുംകാവ് അനീഷ്- ഉമാദേവി ദമ്പതികളുടെ വീടാണ് തകർന്നത്. ശക്തമായ കടലാക്രമണത്തിൽ വീടിന്റെ ഓരോ ഭാഗം തകർന്നു വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട് പൂർണമായി തകർന്നു. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് 35 മീറ്ററോളമാണ് കടലെടുത്തത്. സ്വർണം പണയംവച്ചും ബാങ്ക് വായ്പയെടുത്തും ആറുലക്ഷം രൂപയോളമാണ് വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് കുടുംബത്തിന്റെ കിടപ്പാടം കടലെടുത്തത്. വീട് നഷ്ടപ്പെട്ടതോടെ രണ്ടു മക്കളുമായി പായൽക്കുളങ്ങര സദ്യാലയത്തിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവർ മാറി. പ്രദേശത്ത് മറ്റ് വീടുകളും തകർച്ചാ ഭീഷണിയിലാണ്.