തിരുവനന്തപുരം: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ അന്വേഷണം ഇഴയുന്നു. രണ്ട് കേസുകളിൽ പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതോടെ കേസുകളുടെ തുടർ നടപടികളും മന്ദഗതിയിലായെന്നാണ് റിപ്പോർട്ടുകൾ.
2025 നവംബർ 28നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഡിസംബർ മൂന്നിന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു രണ്ടാമത്തെ പരാതിയിലെ ആരോപണം.
ഈ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു. പിന്നീട് മുൻകൂർ ജാമ്യം നേടിയശേഷം പാലക്കാട് എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാമത്തെ കേസും അറസ്റ്റുമുണ്ടായത്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു മൂന്നാമത്തെ കേസിൽ നടപടി.
ഈ കേസിൽ രാഹുലിന് 17 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് ഈ കേസിൽ മാത്രമാണെന്നാണ് റിപ്പോർട്ട്. അതേസമയം കേസുകളിൽ തുടർനടപടികൾ എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.