മാന്നാർ: ബസിൽ ലൈംഗികാതിക്രമം കാട്ടിയതിന് വിചാരണ നേരിടുന്നതിനിടയിൽ ഇതേ കേസിന് ഓട്ടോ ഡ്രൈവർ വീണ്ടും പിടിയിലായി. മാന്നാർ പരുമല കടവിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മാന്നാർ തച്ചേരിൽ സാബു ആന്റണി (58)യാണ് ഇന്നലെ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പെരുന്പാവൂരിൽ ഇതിന് മുൻപുള്ള ഒരു ലൈംഗികാതിക്രമ കേസിൽ കോടതിയിൽ പോയിട്ട് തിരികെ ബസിൽ വരുമ്പോഴാണ് വീണ്ടും അതിക്രമം കാട്ടിയത്.
സീറ്റിൽ ഇരുന്ന യുവതിയുടെ ശരീരത്തിൽ പിടിക്കുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു. കൊല്ലത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്.
തിരക്കുള്ള ബസുകളിൽ കയറി ഇത്തരത്തിൽ അതിക്രമം കാട്ടുന്നത് ഇയാളുടെ പതിവാണന്ന് പോലീസ് പറഞ്ഞു. പലപ്പോഴും പിടികൂടാറുണ്ടെങ്കിലും പരാതിയില്ലാത്തതിനാൽ രക്ഷപ്പെടുകയാണ് പതിവ്. ഇത് ഉൾപ്പെടെ മൂന്നു കേസുകൾ നിലവിലുണ്ട്.