ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും അകാലിദളും സഖ്യത്തിൽ മത്സരിച്ചേക്കുമെന്ന് സൂചന. മണ്ഡല പുനർ നിർണയ, വനിതാ സംവരണ ബില്ലിലും അകാലിദൾ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് വനിതാ സംവരണ ബിൽ അടിയന്തരമായി നടപ്പാക്കണമെന്ന് സുഖ്ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വർധിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തെയും എസ്എഡി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഛണ്ഡിഗഢിൽ പാർട്ടി നേതാക്കളുമായി ബാദൽ ചർച്ച നടത്തിയിരുന്നു.
സിഖ് ഗുരുക്കന്മാരുടെ ഉപദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ത്രീകളുടെ മാന്യത, സമത്വം, തുല്യ അവകാശങ്ങൾ എന്നിവയ്ക്കായി പാർട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയ ശേഷമാണ് മണ്ഡല പുനർനിർണയ വിഷയത്തിലും പാർട്ടി നിലപാട് വ്യക്തമാക്കിയത്.
എല്ലാ സംസ്ഥാനങ്ങൾക്കും തുല്യവും നീതിപൂർവവുമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലായിരിക്കണം മണ്ഡല പുനർനിർണയം നടത്തേണ്ടതെന്നും പാർട്ടി ആവശ്യപ്പെട്ടു. വനിതാ സംവരണത്തിനുള്ള പിന്തുണയും മണ്ഡല പുനർനിർണയത്തോടുള്ള അനുകൂല നിലപാടും പഞ്ചാബിലെ രാഷ്ട്രീയത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെച്ചേക്കും.
കർഷക സമരവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അകാലിദൾ എൻഡിഎ സഖ്യംവിട്ടത്. തുടർന്ന് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് ഒരു സീറ്റും നേടാനായില്ല. അകാലിദൾ ഒരു സീറ്റിൽ വിജയിച്ചിരുന്നു.