ന്യൂഡൽഹി: കർണാടക മന്ത്രിസഭാ വികസനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കവേ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി.
ഖാർഗെയുടെ ഡൽഹിയിലെ വസതിയായിരുന്നു ഇരുവരും ചർച്ച നടക്കിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ശിവകുമാറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് എംഎൽഎമാർ മന്ത്രിസ്ഥാനത്തിനായി നീക്കമാരംഭിച്ചു. തന്നെ മന്ത്രിയാക്കണമെന്ന് വിജയാനന്ദ് കാശപ്പാനാവർ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവരുമായും സംസാരിച്ചെന്ന് വിജയനാന്ദ് പറഞ്ഞു.
താൻ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അഭയ പ്രസാദ് എംഎൽഎ പറഞ്ഞു ഹുബ്ബള്ളി-ധർവാഡ് ഈസ്റ്റ് എംഎൽഎയാണ് അഭയപ്രസാദ്. കർണാടകയിൽ മുഖ്യമന്ത്രിയടക്കം 34 മന്ത്രിസ്ഥാനമാണ് അനുവദനീയമായിട്ടുള്ളത്. നിലവിൽ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ഒഴിവാണ്. അഴിമതി ആരോപണത്തെത്തുടർന്ന് ബി. നാഗേന്ദ്ര രാജിവച്ചതും കെ.എൻ. രാജണ്ണയെ പാർട്ടി ഹൈക്കമാൻഡ് പുറത്താക്കിയതുമാണ് രണ്ട് ഒഴിവുണ്ടാകാൻ കാരണം.