തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ശിവഗിരി മഠം.
വർക്കല ശിവഗിരി മഠത്തിലെ ഗുരു സമാധിയിൽ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയപ്പോഴാണ് ശിവഗിരി മഠം ആവശ്യം ഉന്നയിച്ചത്. ശിവഗിരി മഠത്തിലെ സ്വാമിമാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിന് പരിഗണന വേണം എന്ന ആവശ്യം ഉന്നയിച്ചത്.
പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്കു ജയ സാധ്യതയുള്ള മണ്ഡലങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇക്കാര്യം പരിശോധിക്കാമെന്നു രാഹുൽ മറുപടി നൽകിയതായും ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പിന്നീട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലത്ത് ശ്രീനാരായണ ഗുരു- മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പിന്നാലെയാണ് ഇന്നലെ ശിവഗിരി മഠം സന്ദർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗുരുവിനെ ഗാന്ധിജിയും ടാഗോറും വന്നുകണ്ട വൈദിക മഠത്തിൽ സന്ദർശനം നടത്തി. ഇതിനുശേഷം ശാരദാമഠം സന്ദർശിച്ചു.