കാഞ്ഞങ്ങാട്: സ്നേഹാലയത്തിന്റെ ഒരു മാസത്തെ പരിചരണങ്ങള്‍ക്കൊടുവില്‍ ഒഡീഷ സ്വദേശി ഒടുവില്‍ വീട്ടിലേക്ക് മടങ്ങി. വഴിതെറ്റി മാനസിക ബുദ്ധിമുട്ടുകളോടെ കേരളത്തില്‍ എത്തിയ ഒഡിഷ സ്വദേശിയായ ഹനീഫ ഒറാം (35) വീട്ടിലേക്ക് മടങ്ങിയത്. കാസര്‍ഗോഡ് പോലീസും കാഞ്ഞങ്ങാട് സ്നേഹാലയ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ഇടപെടലുകളാണ് ഒഡിഷയിലുള്ള ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയത്.
ജൂണ്‍ 15നാണ് ഹനീഫയ കാസര്‍ഗോഡ് പോലീസ് സ്നേഹാലയത്തിലെത്തിക്കുന്നത്. കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന ഇദ്ദേഹത്തിന് കൃത്യമായ പരിചരണവും ചികിത്സയും സുഖം നല്കി. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ഹനീഫ നല്കിയ വിലാസവും ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച് സ്നേഹാലയം അധികൃതര്‍ ഒഡീഷയിലെ കുടുംബവുമായി ബന്ധപ്പെടുകയായിരുന്നു. ജൂണ്‍ ആദ്യ വാരമാണ് ഹനീഫ ഒഡിഷയിലെ വീട്ടില്‍ നിന്നും മംഗളുരുവിലേക്ക് ജോലിക്ക് വേണ്ടി തിരിച്ചത്. എന്നാല്‍ യാത്രാ വേളയിലെ ഉറക്കക്കുറവും കൃത്യമായി ഭക്ഷണം കഴിക്കാത്തതും കാരണം വഴിയില്‍ വെച്ച് മാനസിക നില തെറ്റുകയായിരുന്നു.
മകനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ അച്ഛനും അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം വലിയ വിഷമത്തിലായിരുന്നു. സ്നേഹാലയത്തില്‍ നിന്നും മകന് സുരക്ഷിതനായിരിക്കുന്നു എന്ന ഫോണ്‍ കോള്‍ എത്തിയതോടെ വലിയ സന്തോഷത്തിലായ കുടുംബം ഉടന്‍ തന്നെ നാട്ടില്‍ നിന്നും തിരിച്ചു.
ഇന്നലെ അനുജന് ദീപക് ഒറാം, സുഹൃത്ത് അജിത് ലക്ര എന്നിവര്‍ സ്നേഹാലയത്തിലെത്തി. സ്നേഹാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി അറിയിച്ചു