ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ വെറുതെവിട്ട മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നാല് വനിതാ ഗുസ്തിതാരങ്ങൾ സെഷൻസ് കോടതിയെ സമീപിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനും ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമാറിനുമെതിരെയുള്ള ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നിരീക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ ഡൽഹി കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വനി പൻവാറിന്റെ ഓഗസ്റ്റ് മൂന്നിലെ ഉത്തരവാണ് അപ്പീലിൽ ചോദ്യം ചെയ്തിരിക്കുന്നത്. തെളിവുകൾ പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്നും, ലൈംഗികാതിക്രമ ഇരകളുടെ പെരുമാറ്റത്തെക്കുറിച്ച് തെറ്റായ മുൻവിധി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും ഗുസ്തിതാരങ്ങളുടെ അപ്പീലിൽ ആരോപിക്കുന്നു. ഇരകളുടെ ചുറ്റുപാടുകൾ പരിഗണിക്കാതെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യാഥാസ്ഥിതികമായ നിരീക്ഷണങ്ങളാണ് ഉത്തരവിലുണ്ടായിരുന്നതെന്നും അവർ വാദിക്കുന്നു.
സഹപ്രതിയായ വിനോദ് തോമാറിനെ വെറുതെവിട്ട ഉത്തരവും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗ് ശനിയാഴ്ച കേസ് പരിഗണിക്കും. 2023-ൽ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ജന്തർമന്ദറിൽ പ്രമുഖ ഗുസ്തിതാരങ്ങൾ നടത്തിയ വലിയ പ്രതിഷേധത്തെ തുടർന്നാണ് ഡൽഹി പൊലിസ് അന്വേഷണവും തുടർനടപടികളും ഉണ്ടായത്.