കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാലവർഷത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം നേരിട്ട ഉദയഗിരി പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനുമായി സജീവ് ജോസഫ് എംഎൽഎ മുൻകൈയെടുത്ത് കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു.
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ 38 റോഡുകൾ ഉൾപ്പെടെ വിവിധ പൊതുനിർമിതികൾക്കും വീടുകൾക്കും കൃഷിയിടങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പ്രത്യേക സഹായം ലഭിച്ചില്ലെങ്കിൽ അഞ്ഞൂറോളം കുടുംബങ്ങളും നാടും ദുരിതക്കയത്തിലാകുമെന്നും അടിയന്തര നടപടികൾ വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖമന്ത്രിയെ നേരിൽ ധരിപ്പിച്ചതായും എംഎൽഎ അറിയിച്ചു.
അടിയന്തരമായി പുനർനിർമിക്കേണ്ട തകർന്ന റോഡുകൾക്ക് പുറമെ മറ്റ് പൊതുനിർമിതികൾ, വീടുകൾ, കൃഷിയിടങ്ങൾ എന്നിവയുടെ പുനഃസ്ഥാപനത്തിനും ആവശ്യമായ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതിനുള്ള നടപടികൾ പരിഗണിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഇതിനായി ഉദയഗിരി പഞ്ചായത്തിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ അടിയന്തരമായി ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ബെന്നി, വൈസ് പ്രസിഡന്റ് പ്രസന്നകുമാർ, ഡപ്യൂട്ടി കളക്ടർ കെ.കെ. സുബൈർ , തഹസിൽദാർ സജീവൻ തുടങ്ങി വിവിധ വകുപ്പു മേധാവികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.