കോൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും സ്കൂൾ, കോളജ് പാഠ്യപദ്ധയിലുൾപ്പെടുത്താൻ വിദ്യാഭ്യാസവകുപ്പിനു നിർദേശം നൽകി പശ്ചിമബംഗാൾ സർക്കാർ. ഇതുസംബന്ധിച്ചു നിർദേശം വിദ്യാഭ്യാസ സെക്രട്ടറിക്കും സർവകലാശാലാ രജിസ്ട്രാര്‍മാർക്കും നൽകി.
2027 അക്കാദമിക വർഷം മുതൽ ഹയർസെക്കണ്ടറി, കോളജ്, സർവകലാശാല തലങ്ങളിൽ ഇതു നടപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജഗന്നാഥ് ചട്ടോപാധ്യായ സ്ഥിരീകരിച്ചു.
ബംഗാളിലെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെപ്പോലെ തന്നെ ശ്യാമപ്രസാദ് മുഖർജിയെപ്പറ്റിയും പാഠപുസ്തകങ്ങളിൽ പ്രത്യേക അധ്യായമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമകൾ സ്ഥാപിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം നടത്താനും നിർദേശമുണ്ട്.
ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയുടെ തീരുമാനപ്രകാരമാണു പുതിയ നടപടി.