വെള്ളൂർ: അന്നം ഔഷധമാക്കാൻ കളകളായി തള്ളിക്കളയുന്ന ചെടികളും ഇലകളും ഉപയോഗിച്ച് വേറിട്ട രുചി അനുഭവവേദ്യമാക്കുന്ന കളസദ്യ ഒരുക്കി വെള്ളൂർ ഇറുമ്പയം ടാഗോർ ലൈബ്രറി. പാറകം കായ അച്ചാർ, വാഴപ്പിണ്ടിയും മഷിത്തണ്ടും ചേർന്ന സാലഡ്, കാട്ടുചീര പച്ചടി, ചേമ്പില പുളിക്കറി, അരിച്ചീരയും പരിപ്പും ചേർത്തകറി, ചെമ്പരത്തി ഇലത്തോരൻ, വയൽച്ചീര സാമ്പാർ, പുളിയില രസം, പുള്ളാടി ഇല ഫ്രൈ, സാമ്പാർ ചീര സ്റ്റൂ, മുക്കുറ്റി പായസം, കൊങ്ങിണിപൂ ഔഷധ കുടിവെള്ളം തുടങ്ങി പോഷകഗുണമുള്ള 12 വിഭവങ്ങളാണ് കളസദ്യയിൽ ഉൾപ്പെട്ടിരുന്നത്.
ജീവിത ശൈലീരോഗങ്ങൾ അധികരിക്കുന്ന കാലത്ത് അന്നം ഭക്ഷണമാക്കി രോഗങ്ങളെ ചെറുത്ത് ആരോഗ്യ ജീവിതം നയിക്കാമെന്ന പാഠമാണ് ടാഗോർ ലൈബ്രറി കളസദ്യയിലൂടെ പകർന്നത്. നൂറുകണക്കിനാളുകൾ കളസദ്യയിൽ പങ്കെടുത്തു. ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മവർഗീസ് ഉദ്ഘാടനം ചെയ്തു. കളകളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഡോ. ഇ. സജീവ്കുമാർ ക്ലാസ് നയിച്ചു.
ലൈബ്രറി വൈസ് പ്രസിഡന്റ് പി.എം. സുനിൽകുമാർ, സെക്രട്ടറി ഒ.കെ. മോഹനൻ, ജി. സാജൻ, ജോഷ്മി ജോൺ, എം.വി. മാത്യു പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.