ചേര്‍ത്തല: ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായ ചേര്‍ത്തല ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടറെയും ഇടനിലക്കാരനെയും കോടതി റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവിനെയും ഇയാളുടെ ഏജന്റ് ജോസിനെയുമാണ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് തണ്ണീര്‍മുക്കം സ്വദേശിനിയായ ഡ്രൈവിംഗ് സ്കൂള്‍ ഉടമയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കോട്ടയം വിജിലന്‍സ് നടത്തിയ ഓപ്പറേഷനില്‍ ബിജു കുടങ്ങിയത്. ഇരുചക്രവാഹന ലൈസന്‍സിന് 300, ഫോര്‍വീലര്‍ 400 എന്നീക്രമത്തിലാണ് ബിജു കൈക്കൂലിയായി വാങ്ങിയിരുന്നത്. കൈക്കൂലി നല്കാത്തവരെ ഇയാള്‍ മനഃപൂര്‍വം തോല്‍പ്പിക്കുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്ക് എല്ലാവരും കൈക്കൂലി നല്‍കിയിരുന്നതായും പറയുന്നു.
വിജിലന്‍സ് സാന്നിധ്യത്തില്‍ പരാതിക്കാരനില്‍നിന്നു ഏജന്റ് ജോസ് കൈപ്പറ്റിയ തുക ബിജുവിനു ചേര്‍ത്തലയിലെ വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്. വകുപ്പുതലത്തിലും പുറത്തും നിരവധി ആരോപണങ്ങളും പരാതികളും നിലനില്‍ക്കുന്നതിനാല്‍ കൈക്കൂലി കേസിനു പുറമെ വകുപ്പുതല അന്വേഷണങ്ങളും നടക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പില്‍നിന്നുള്ള വിവരം.
30 പരാതികളാണ് ബിജുവിനെതിരേ നിലവിലുള്ളത്.
ആറുവര്‍ഷമായി ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നുവെന്ന് വിജിലന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍വീസിന്റെ വലിയഭാഗവും ചേര്‍ത്തലയില്‍ തന്നെയായിരുന്നു. ഇതിനായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും ഇയാള്‍ക്കു ലഭിച്ചിരുന്നതായാണ് സൂചന. ഏറ്റവും ഒടുവില്‍ തന്റെ മേലുദ്യോഗസ്ഥനായിരുന്ന ആര്‍ടിഒയ്ക്കെതിരായ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇടവേളയ്ക്കുശേഷം ഇയാള്‍ ചേര്‍ത്തലയിലെത്തിയത്. അന്വേഷണത്തെത്തുടര്ന്നും ചേര്‍ത്തലയില്‍ തന്നെ എംവിഐയായി തുടരുകയായിരുന്നു.
ഇതിനു മുമ്പ് ചേര്‍ത്തലയില്‍നിന്നു വകുപ്പുതലത്തില്‍ നിരവധി പരാതികളെത്തുടര്‍ന്നാണ് സ്ഥലം മാറിപ്പോയിരുന്നത്. അതിനിടയിലും പോലീസ് കേസടക്കം ഉണ്ടായിരുന്നു. അനധികൃത സ്വത്ത് സന്പാദന കേസിലടക്കം നിലവില്‍ പരാതികളുണ്ട്. തിരുവല്ല പൊടിയാടിയലടക്കം നിര്‍മിക്കുന്ന ആഡംബര വീട് വിജിലന്‍സ് നിരീക്ഷണത്തിലാണ്. ബന്ധുക്കളുടെ പേരില്‍ തുടങ്ങിയ പുക പരിശോധന കേന്ദ്രങ്ങളും പരിധിയില്‍ വരും. ഇയാളെ തുടര്‍ച്ചയായി സഹായിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതിനൊപ്പം തന്നെ കെ.ജി. ബിജുവിനെ മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥ പകയുടെ പേരില്‍ കുരുക്കിയതാണെന്ന വിമര്‍ശനമുയര്‍ത്തി ഒരു വിഭാഗം ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ വകുപ്പുമന്ത്രിക്കടക്കം ഇതു സംബന്ധിച്ചു പരാതികള്‍ നല്‍കിയതായാണ് വിവരം. അതേസമയം ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ രംഗത്തെത്തിയത് ഇയാളെ സഹായിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.