പാലിയേക്കര: ടോൾ പ്ലാസയിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിടിച്ച് വരിയിലുണ്ടായിരുന്ന മൂന്നു കാറും പിക്കപ്പ് വാനും ഒന്നിനുപുറകെ മറ്റൊന്നിടിച്ച് ഭാഗികമായി തകർന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിനിടയാക്കിയത്. ആർക്കും പരിക്കില്ല.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ടോൾബൂത്തിൽ ക്യൂവിൽ തൊട്ടുമുന്നിലുണ്ടായിരുന്ന കാറിലാണ് നിയന്ത്രണംവിട്ട ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലെ കാറിൽ ഇടിച്ചു. മുന്പിലുണ്ടായിരുന്ന വാഹനങ്ങൾ ഒന്നിനു പിറകിലായി മറ്റൊന്ന് ഇടിക്കുകയായിരുന്നു.
പുതുക്കാട് പോലീസും ടോൾപ്ലാസ ജീവനക്കാരും ചേർന്നാണു ടോൾ ബൂത്തിൽനിന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിട്ടത്.