മുണ്ടക്കയം ഈസ്റ്റ്: കൊടുകുത്തി മേഖലയെ പുലിഭീതി വിടുന്നില്ല. പാരിസൺ കമ്പനിയുടെ റബർത്തോട്ടത്തിന്റെ നാലാംകാട്ടിൽ അജ്ഞാത ജീവി ആക്രമിച്ച് കൊന്ന് ഭക്ഷിച്ച പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയുടെ ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്.
പുലിയെ പിടികൂടാൻ നടപടിയില്ല
രണ്ടു മാസം മുമ്പ് ഇതിനു സമീപത്തുള്ള ഒമ്പതാംകാട് ഭാഗത്ത് പശുവിനെ അജ്ഞാത ജീവി കടിച്ചുകൊന്ന് ഭക്ഷിച്ചതായി കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെന്നു സ്ഥിരീകരിച്ചെങ്കിലും പുലിയെ പിടിക്കാൻ നടപടിയൊന്നുമുണ്ടായില്ല. നാലു മാസം മുമ്പ് സമീപത്തെ കുറ്റിപ്ലാങ്ങാട്ടിലും പുലിയെത്തി. അവിടെ വളർത്തുനായയെ കൊന്നതും പുലിയാണെന്ന് ഉറപ്പിച്ചതാണ്. ടാപ്പിംഗ് തൊഴിലാളികൾ പുലിയെ നേരിട്ടുകണ്ടിട്ടുമുണ്ട്.
ആശങ്കയിൽ പ്രദേശവാസികൾ
റബർ എസ്റ്റേറ്റ് മേഖലയിൽ പുലി പതിവായതോടെ എല്ലാവരും കടുത്ത ആശങ്കയിലാണ്. വനാതിർത്തിയിൽനിന്നു കിലോമീറ്റർ അകലെയാണ് കൊടുകുത്തി. നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെയുണ്ട്. പെരുവന്താനം പഞ്ചായത്തിന്റെ പല ഭാഗങ്ങളും നിരവധി തവണ പുലിയുടെ സാന്നിധ്യമറിഞ്ഞതാണ്.
കൊടുകുത്തിക്ക് സമീപം മുന്പു പുലിയെ നേരിട്ട് കണ്ടതായും നാട്ടുകാർ പറഞ്ഞു. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ വനംവകുപ്പ് തയാറായില്ല. റബർത്തോട്ടത്തിൽ അഴിച്ചുവിട്ട് വളർത്തുന്ന പശുക്കളാണ് പുലിയുടെ ആക്രമണത്തിന് കൂടുതലായും ഇരയാകുന്നത്.
ഉപജീവനത്തെയും ബാധിച്ചു
റബർ ടാപ്പിംഗിലൂടെ ലഭിക്കുന്നത് തികയാതെ വരുന്ന തൊഴിലാളികൾക്ക് കന്നുകാലി വളർത്തലാണ് മറ്റൊരു വരുമാനമാർഗം. പുലി, കടുവ അടക്കമുള്ള വന്യമൃഗങ്ങൾ അവരുടെ ജീവിതതാളം തെറ്റിക്കുന്നു. പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന ഇവരുടെ ജീവനും ഭീഷണിയാണ്. അടിയന്തര നടപടിയെടുക്കാത്ത വനംവകുപ്പിനെയാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.