മങ്കട : റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതിനാല്‍ തിരൂര്‍ക്കാട് - ആനക്കയം ദേശീയപാതയില്‍ യാത്രക്ലേശം.
വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത വിധം കുഴികള്‍ രൂപപ്പെട്ട റോഡില്‍ ഒരു കോടി രൂപ ചെലവില്‍ ക്വാറി വേസ്റ്റ് നിരത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി മങ്കടയില്‍ എത്തിയപ്പോള്‍ വീണ്ടും കുഴികള്‍ താല്‍ക്കാലികമായി നികത്തിയിരുന്നു.
മഴ പെയ്തതോടെ തിരൂര്‍ക്കാട്, അരിപ്ര, മങ്കട, ആയിരനാഴിപടി, വള്ളിക്കാപറ്റ എന്നിവിടങ്ങളില്‍ ആഴമേറിയ കുഴികള്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. പഴയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ അശാസ്ത്രീയമായി റോഡുകളില്‍ ടാറിങ് നടത്തുകയാണ് പിന്നീട് ചെയ്തത്.
മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ബി എംബിസി പ്രവൃത്തിക്കായി റോഡുകള്‍ ഇപ്പോള്‍ പൊളിച്ചിട്ടിട്ടുണ്ട്. തന്മൂലം പൊടി ശല്യവും യാത്രാ ബുദ്ധിമുട്ടും വര്‍ധിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പൊളിച്ചിട്ടതിനാല്‍ പാതയോരത്തുള്ള വ്യാപാരികളും കാല്‍നടയാത്രക്കാരും കടുത്ത പ്രയാസത്തിലാണ്. കടന്നമണ്ണ പഞ്ചായത്ത്പടി മുതല്‍ യുകെ പടി വരെ മാത്രമാണ് പ്രവൃത്തി നടത്തുക. എന്നാല്‍ യാത്രാദുരിതം അടിയന്തരമായി പരിഹരിക്കമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.