കൊച്ചി: കലയും പാരമ്പര്യവും ഇഴചേര്‍ന്ന കേരളീയ സാംസ്കാരിക പൈതൃകത്തെ നേരിട്ടറിയാന്‍ ഒരു തറവാട്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രവേശനകവാടത്തില്‍ ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി ഒരുക്കിയിരിക്കുന്ന പവലിയന് അദ്ഭുത കാഴ്ചകള്‍ക്കൊപ്പം സന്ദര്‍ശകരുടെ മനം കവരുകയാണ്. പാരമ്പര്യ കലകളെയും കരകൗശലങ്ങളെയും തൊട്ടറിഞ്ഞ് അനുഭവിക്കാന്‍ വേദിയൊരുക്കുകയാണ് ഈ പരമ്പരാഗത തറവാട് മാതൃക.
പവലിയനിലേക്ക് കടക്കുന്നവരെ ആദ്യം ആകര്‍ഷിക്കുന്നത് പത്തടി ഉയരവും ഏഴടി വീതിയുമുള്ള പടുകൂറ്റന്‍ തെയ്യത്തിന്റെ മുഖമാണ്. തനിമയാര്‍ന്ന കേരളീയ വാസ്തുശൈലിയിലാണ് തറവാട് മാതൃകയിലുള്ള പവലിയന് നിര്‍മിച്ചിരിക്കുന്നത്. ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍തന്നെ നാദവിസ്മയം തീര്‍ക്കുന്ന ഇടയ്ക്ക വാദനം. കഥകളിയുടെ ചമയങ്ങള്‍, വേഷഭൂഷാദികള്‍, ചുട്ടികുത്ത് തുടങ്ങിയവയുടെ സവിശേഷ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തെയ്യം മുതല്‍ നെറ്റിപ്പട്ടം വരെയുള്ള തനത് കലകളെ കോര്‍ത്തിണക്കിയ പരമ്പരാഗത തറവാടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കേവലം കാഴ്ചകള്‍ കണ്ടു മടങ്ങുക എന്നതിനപ്പുറം കഥകളി മുഖത്തെഴുത്തായാലും ചുവര് ചിത്രമെഴുത്തായാലും സന്ദര്‍ശകര്‍ക്കു നേരിട്ട് ഇതില്‍ പങ്കെടുത്ത് അനുഭവവേദ്യമാക്കാനും കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം പ്രാദേശിക സംരംഭകര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കഥ പറയല്‍ ഇടവും ആര്‍ടി പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഈ പവലിയന്റെ ഏറ്റവും വലിയ പ്രത്യേകത അത് സന്ദര്‍ശകര്‍ക്കു നല്കുന്ന തത്സമയ അനുഭവമാണ്. കഥകളി ചുട്ടികുത്തില്‍ താത്പര്യമുള്ളവര്‍ക്ക് സ്വന്തം മുഖത്ത് ചായം തേച്ച് അതു പരീക്ഷിക്കാം. കളിമണ്‍ പാത്രങ്ങള്‍ മെനഞ്ഞെടുക്കാന്‍ ചക്രത്തില്‍ കൈയൊന്ന് പയറ്റാനും ചുവര്‍ചിത്ര രചനയില്‍ ചായക്കൂട്ടുകള്‍ ചാലിച്ച് വരച്ചുനോക്കാനും ഇവിടെ അവസരമുണ്ട്. ഇതുകൂടാതെ, ടൂറിസം മേഖലയിലുള്ളവര്‍ക്ക് സ്വന്തം അനുഭവങ്ങളും കഥകളും പങ്കുവയ്ക്കാനായി പ്രത്യേക സൗകര്യവും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനത് കലകളും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം മാതൃകയോടാണു സര്‍ക്കാരിന് താത്പര്യമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഒപ്പം പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യും. തദ്ദേശീയ ജീവിതത്തെ മെച്ചപ്പെടുത്തുന്നതില്‍ ഉത്തരവാദ ടൂറിസത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണ ഗ്രാമീണ ജീവിതത്തെ കേന്ദ്രീകരിച്ചാണ് പവലിയന് ഒരുക്കാറുള്ളതെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ഇത്തവണ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ സമഗ്ര സാംസ്കാരിക പൈതൃകം അവതരിപ്പിക്കാനാണ് മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.