മാനന്തവാടി: സ്വയംതൊഴില്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്ന സംരംഭകര്‍ക്ക് അവരുടെ സംരംഭകത്വം ഫലപ്രാപ്ത്തിയിലെത്തിക്കാന് നിയമപരമായ കാര്യങ്ങളിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിലും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് വിഷയത്തിലും പരിശീലനം നല്‍കുന്നതിന് ഒരു ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ഉപജില്ലാ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ മൈനോരിറ്റീസ് ഡെവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (എന്‍എംഡിഎഫ്സി) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി ഉപജില്ലാ മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ, സീനിയര്‍ അസിസ്റ്റന്റ് യു. ദീപക്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, എച്ച് ആര് മാനേജര്‍ റോബിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ബിസിഡിസി മാനന്തവാടി പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍ പി.എസ്. പ്രശോഭ്, മാനന്തവാടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫിസര്‍ സി.ജെ. ജെയ്ന്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.