തൃപ്പൂണിത്തുറ: രാജകീയപ്രൗഢിയും സാംസ്കാരികപാരമ്പര്യവും സംരക്ഷിക്കാൻ തൃപ്പൂണിത്തുറയെ പൈതൃകനഗരമാക്കി മാറ്റാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ജനപ്രതിനിധികളും നഗരസഭയും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒത്തൊരുമിച്ച് സമഗ്രമായ നിർദേശം സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയാഘോഷങ്ങളുടെ ഉദ്ഘാടനവേദിയിലാണ് നഗരവാസികൾക്കെല്ലാം ഓണസമ്മാനമായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
തൃപ്പൂണിത്തുറയിലുള്ള അമ്പതിലേറെ ചരിത്രസ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങൾ സംരക്ഷിക്കുന്ന മാതൃക ഇവിടെയും പിന്തുടരണമെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതസൗഹാർദ സന്ദേശമാണ് അത്തച്ചമയം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയിലെ 50 വർഷം പൂർത്തിയാക്കുന്ന വനിതാ കഥകളിസംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തി. എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഘോഷയാത്ര നടൻ ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു.