കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിന്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്റെ വീട്ടിൽ കയറിയാണ് ഒരുകൂട്ടം കുരങ്ങൻമാർ ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ എത്താത്ത ഇടമൊന്നുമില്ല.
രാവിലെ ഏഴിനു തുടങ്ങിയ വാനരന്മാരുടെ അങ്കം മണിക്കൂറുകളോളം തുടര്‍ന്നു.സംഭവ സമയത്ത് ശ്രീകുമാറും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും യാതൊരു ഭയവും ഇല്ലാതെയാണ് കുരങ്ങുകൾ വീടിനുള്ളിൽ കയറി നാശനഷ്ടം വരുത്തിയത്. വീട്ടുകാർ കുരങ്ങുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചെ ങ്കിലും സാധിച്ചില്ല. ഒടുവിൽ രക്ഷയ്ക്കായി വനപാലകരെ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് വീട്ടുകാർ പരാതി പറഞ്ഞു.
മുമ്പ് ഒരു കച്ചവട സ്ഥാപനം നടത്തിയിരുന്നയാളാണ് ശ്രീകുമാര്‍. വാടകമുറിയില്‍ പ്രവർത്തിച്ചിരുന്ന കട നിർത്തിയപ്പോള്‍ വീടിന്റെ മുകള്‍നിലയിലാണ് സാധനങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. ഇവിടെയാണ് കുരങ്ങന്മാര് ഏറെ നാശം വരുത്തിയത് . പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും, ഗ്യാസ് സ്റ്റൗ സംബന്ധമായ വസ്തുക്കളും പൂജാസാമഗ്രികളുമെല്ലാം നശിപ്പിക്കപ്പെട്ടു. പ്രദേശത്തെ മറ്റ് ചില വീടുകളിലും കുരങ്ങ് കൂട്ടത്തിന്റെ ശല്യമുണ്ടായിരുന്നു. വീടിന്റെ പരിസരത്തെ തെങ്ങുകളില്‍ നിന്ന് തേങ്ങയും മച്ചിങ്ങയുമെല്ലാം പറിച്ചിടുകയും ചെയ്തു.വനത്തില്‍ നിന്നും ഒരു കിലോമീറ്ററിലധികംദൂരെയാണ് ശ്രീകുമാറിന്റെ വീട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പും കുരങ്ങുകള്‍ ശ്രീകുമാറിന്റെ വീട്ടില്‍ അതിക്രമം നടത്തിയിരുന്നു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതാണ് പറയുന്നത്. അക്ഷയ സെന്റര്‍വഴി അപേഷിച്ചാല്‍ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നായിരുന്നു വനംവകുപ്പിന്റെ വാഗ്ദാനം.പട്ടയം ഇല്ലെന്ന കാരണത്തില്‍ അപേഷ സമര്‍പ്പിക്കാന്‍ പോലും ശ്രീകുമാറിന് കഴിഞ്ഞില്ല. പ്രദേശത്ത് വ്യാപകമായുള്ള കുരങ്ങ് ശല്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നാണ് ശ്രീകുമാറിന്റെയും മറ്റ് നാട്ടുകാരുടെയും ആവശ്യം.