കൊച്ചി: നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കപ്പൽ കൊച്ചി തീരത്തേക്ക് അതിവേഗം നീങ്ങിയത് ആശങ്ക സൃഷ്ടിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൂറത്തിൽ നിന്ന് കൊച്ചിയിലെത്തിയ എസ്എസ്എൽ മുംബൈ എന്ന കണ്ടെയ്നർ കപ്പലിനാണ് അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടമായത്.
സാധാരണയായി തുറമുഖത്തിന് പുറത്തെത്തുന്ന കപ്പലുകൾ ഡോക്ക് ചെയ്ത ശേഷം ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് സുരക്ഷിതമായി അകത്തേക്ക് എത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി നിയന്ത്രണം നഷ്ടപ്പെട്ട എസ്എസ്എൽ മുംബൈ നിയന്ത്രണമില്ലാതെ തീരത്തേക്ക് നീങ്ങുകയായിരുന്നു.
വിവരം ലഭിച്ചതോടെ ടഗ് ബോട്ടുകൾ ഉടൻ സ്ഥലത്തെത്തി കപ്പലിനെ നിയന്ത്രണവിധേയമാക്കി. അപകടസാധ്യതയേറിയ സാഹചര്യം ആയിരുന്നെങ്കിലും ടഗ് ബോട്ടുകളുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പരിശോധന തുടരുകയാണ്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് അധികൃതർ പറഞ്ഞു.