കൊച്ചി: കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹത്താലാണ് ട്വന്‍റി20യില്‍ ചേര്‍ന്നതെന്ന് അഖില്‍ മാരാര്‍. തന്നെ ഒഴിവാക്കാനായാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ട്വന്റി 20യുടെ ഓഫര്‍ വന്നത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് അഖില്‍ മാരാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ട്വന്റി 20യില്‍ ചേര്‍ന്നതോടെ അച്ഛന്‍ തന്നോട് സംസാരിച്ചിട്ടില്ല. പലരും തനിക്കെതിരെ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശക്തമായ നെഗറ്റീവ് ക്യാമ്പയിന്‍ നടന്നു. തന്നെ ഇഷ്ടപ്പെട്ട ആള്‍ക്കാര്‍ പലരും തെറി വിളിക്കുന്ന സാഹചര്യം വന്നു. അപ്പോഴും ചിന്തിച്ചത് ഇതിനെല്ലാം മറുപടി കൊട്ടാരക്കര വഴി കൊടുക്കണം എന്നാണ്. അങ്ങനെ ഇരിക്കുന്ന സമയത്താണ് കൊട്ടാരക്കരയില്‍ സീറ്റ് ഇല്ലെന്ന് അറിയുന്നത് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
അഖില്‍ മാരാരുടെ വാക്കുകള്‍:
കൊട്ടാരക്കരയില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായിട്ട് മത്സരിക്കണം എന്നുള്ളത് എന്‍റെ ആഗ്രഹമായിരുന്നു. അത് യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നല്ല. എന്‍റെ നാട്ടില്‍ ഇന്നലെകളില്‍ എന്‍റെ മുന്നില്‍ ബുദ്ധിമുട്ട് അനുഭവിച്ച ജനതയ്ക്ക് വേണ്ടി ഒന്നുകില്‍ സംസാരിക്കുക, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക, അതിനായാണ് മത്സരിക്കാനിരുന്നത്.
ഒരു ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന സമയത്ത് ആ അവസരം നിഷേധിച്ചത് കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു. അദ്ദേഹം അന്ന് എനിക്ക് പകരം മറ്റൊരാളെ കോട്ടാത്തല ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിപ്പിക്കുകയും ഞാന്‍ അവിടെ സ്വതന്ത്രനായിട്ട് മത്സരിക്കുകയും ചെയ്തു. അന്ന് 1,700 ഓളം വോട്ട് സിപിഎം കോട്ടയായ കോട്ടാത്തലയില്‍ നിന്നും എനിക്ക് ലഭിച്ചതുമാണ്. സമാനമായ ഒരു സാഹചര്യമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുങ്ങി വരുന്നത് എന്ന് എനിക്ക് തോന്നി. സ്വതന്ത്രനായിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കണം.
അവിടെ നാലു വര്‍ഷമായിട്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്ന ആയിഷ പോറ്റിയെ കൊണ്ടുവന്നത് കോണ്‍ഗ്രസിനെ രക്ഷിക്കാനോ അല്ലെങ്കില്‍ ബാലഗോപാലില്‍ നിന്ന് ഈ സീറ്റ് തിരിച്ചു പിടിക്കാന്‍ ഒന്നും ആയിരുന്നില്ല എന്നതാണ് അടിസ്ഥാനപരമായ യാഥാർഥ്യം. ഞാന്‍ കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് തോന്നിയ ചില ആള്‍ക്കാര്‍ അവിടെ നിന്ന് എന്നെ ഒഴിവാക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് ആയിഷ പോറ്റിയുടെ രാഷ്ട്രീയ പ്രവേശനം.
അതിനു വേണ്ടി അവര്‍ നടത്തിയ ചര്‍ച്ചകള്‍ പലതും എനിക്കറിയാം. ഇത്രയും വലിയ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിച്ചിട്ടും കൊട്ടാരക്കരയില്‍ ആയിഷ പോറ്റി പരാജയപ്പെട്ടത് അവിടുത്തെ കോണ്‍ഗ്രസ് അത്രയും ദുര്‍ബലമായതു കൊണ്ടാണ്. കോണ്‍ഗ്രസിന്‍റെ ദുര്‍ബലത, കോണ്‍ഗ്രസിനുള്ളിലുള്ള വ്യക്തിബന്ധങ്ങള്‍ ഒക്കെ മുതലാക്കികൊണ്ടും ഒരു സ്വതന്ത്രനായിട്ട് മത്സരിച്ചു കഴിഞ്ഞാല്‍ എനിക്ക് അവിടെ മാന്യമായ ഒരു വോട്ട് അവിടെ പിടിക്കാന്‍ പറ്റും എന്നുള്ള ചിന്ത ആ സമയത്ത് ഉണ്ടായിരുന്നു.
ആ സമയത്താണ് എന്‍ഡിഎയുടെ പല ഏജന്‍സികളും എന്നെ ബന്ധപ്പെടുന്നുണ്ട്. വലിയ സാമ്പത്തിക ഓഫറുകള്‍ നല്‍കി ബന്ധപ്പെട്ട ഏജന്‍സികളുണ്ട്. ട്വന്‍റി20യുടെ ഭാഗമായിട്ട് എന്നെ ആദ്യം ബന്ധപ്പെടുന്നത് എന്‍ഡിഎയുടെ റാം എന്ന വ്യക്തിയാണ്. പല പ്രാവശ്യം എന്നെയും മാനേജരെയും ഒക്കെ ബന്ധപ്പെട്ടപ്പോഴും ഞാന്‍ ഇയാളെ കാണാന്‍ പോലും കൂട്ടാക്കിയിരുന്നില്ല.
ഫെബ്രുവരി അഞ്ചാം തീയതി ശ്രീ രമേശ് ചെന്നിത്തല എന്നോട് ഏത് മണ്ഡലം അഖിലിന് നോക്കണം, അതായത് കൊട്ടാരക്കര ഇല്ല എന്നുണ്ടെങ്കില്‍ ഏത് മണ്ഡലംനോക്കണം എന്ന് പറഞ്ഞ സമയത്ത് ഞാന്‍ ആദ്യം പറയുന്നത് നേമം നോക്കിക്കോളൂ അല്ലെങ്കില്‍ പിണറായി വിജയന്‍റെ ധര്‍മടം നോക്കിക്കോളൂ എന്നാണ്. കാരണം അവിടെ എനിക്ക് സംസാരിക്കാനുള്ള, പൊളിറ്റിക്‌സ് സംസാരിക്കാനുള്ള ഒരു സ്‌പേസ് സൃഷ്ടിക്കപ്പെടും എന്നുള്ളതായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, സംഘടനാപരമായി ദുര്‍ബലമുള്ള പ്രദേശത്തൊന്നും പോയി ചുമ്മാതെ ഭാവി കളയരുതെന്ന്.
ജമാഅത്തെ ഇസ്ലാമിക്കെതിരെ ഞാന്‍ പലപ്രാവശ്യം ചില സ്റ്റേറ്റ്‌മെന്‍റുകള്‍ നടത്തിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന്‍റെ ആശയവുമായി ചേര്‍ന്നു പോകുന്നതല്ല. ഞാന്‍ വ്യക്തിപരമായിട്ട് ശ്രീ വി.ഡി. സതീശന് മെസേജ് അയച്ചതാണ്. നമ്മള്‍ വര്‍ഗീയതക്കെതിരെ പറയുമ്പോള്‍ കേവലം എന്‍എസ്എസ്, എസ്എന്‍ഡിപി, ആര്‍എസ്എസ് മാത്രമാക്കി ചുരുക്കാതെ അതില്‍ ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയ രാഷ്ട്രീയം കൂടെ തുറന്നു കാണിക്കൂ എന്ന്.
അതിനു ശേഷം എനിക്ക് അദ്ദേഹം മെസേജ് ഒന്നും അയച്ചില്ല. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ എനിക്ക് ഒരിക്കലും കോണ്‍ഗ്രസില്‍ നിന്ന് ഒരു സീറ്റൊന്നും ലഭിക്കില്ലെന്ന് മനസിലായി. ശേഷം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച എനിക്ക് കിട്ടിയ ഒരു അവസരമാണ് ട്വന്‍റി20യുടെ ചിഹ്നത്തില്‍ കൊട്ടാരക്കര മത്സരിക്കുക എന്നത്.
ബിജെപിയുടെ വോട്ട് കൂടാതെ എനിക്ക് വ്യക്തിപരമായി നേടിയെടുക്കാന്‍ കഴിയാവുന്ന വോട്ടുകള്‍ അവിടെ പിടിച്ച് കൊട്ടാരക്കരയില്‍ ഒരു മാന്യമായ പ്ലേസ്‌മെന്‍റ് ഉണ്ടാക്കിയെടുക്കാം. കുറഞ്ഞ പക്ഷം കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാം എന്ന ചിന്തയിലാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി പതിനൊന്നാം തീയതി ഡല്‍ഹിയില്‍ വച്ച് ഉറപ്പു നല്‍കി.
അഖില്‍ ട്വന്‍റി20യില്‍ വന്നെങ്കില്‍ മാത്രമേ കൊട്ടാരക്കര സീറ്റ് വാങ്ങുകയുള്ളുവെന്ന് പറഞ്ഞു. ഫെബ്രുവരി 15ന് എന്‍റെ നാട്ടില്‍ ശിവരാത്രി ഉത്സവമാണ്. കാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്‌തോളൂ എന്ന് പറഞ്ഞു. അന്ന് I started my campaign എന്ന് ഞാന്‍ പറഞ്ഞു. അതിനു ശേഷം രശ്മി ബിജെപിയിലേക്ക് വരാന്‍ പോകുന്നു എന്ന തീരുമാനം അറിഞ്ഞു.
രശ്മി വരുന്നുണ്ട് നമുക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ? എന്ന് ഞാന്‍ ചോദിച്ചു. ഏയ്, ഞാന്‍ രാഷ്ട്രീയക്കാരന്‍ ഒന്നുമല്ല, എനിക്ക് പറഞ്ഞ ഒരൊറ്റ വാക്കേ ഉള്ളൂ. ഞാന്‍ രാഷ്ട്രീയക്കാരെ കണക്ക് പത്തു അഭിപ്രായം പറയുന്ന ഒരാളല്ല. അഖില്‍ അങ്ങനെ കൂടെക്കൂടെ എന്നെ വിളിച്ച് കൊട്ടാരക്കര സീറ്റ് കിട്ടുമോ കിട്ടുമോ എന്ന് ചോദിക്കണ്ട കാര്യമൊന്നുമില്ല. ഞാന്‍ പറഞ്ഞാല്‍ അത് പറഞ്ഞതാണ് എന്ന് പറഞ്ഞു.
പിന്നീട് ഞാന്‍ വീണ്ടും ഇദ്ദേഹത്തെ നേരിട്ട് കാണുന്നു. ഒരാള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്നാല്‍ സ്വാഭാവികമായി ബിജെപിക്ക് അവര്‍ക്ക് സീറ്റ് കൊടുക്കണം. കൊട്ടാരക്കരയില്‍ സീറ്റ ഇല്ല എന്നുണ്ടെന്നുണ്ടെങ്കില്‍ ഞാന്‍ മാറി നിന്നോളാം എന്ന് പറഞ്ഞു. എന്‍റെ അച്ഛന്‍ അന്ന് മുതല്‍ എന്‍റെ അടുത്ത് മിണ്ടിയിട്ടില്ല. അച്ഛന്‍ കടുത്ത കോണ്‍ഗ്രസുകാരനാണ്.
എന്‍റെ പല സുഹൃത്തുക്കളും ഞാനുമായിട്ട് അകന്നു. പലരും ഞാന്‍ എടുത്ത തീരുമാനത്തോട് വിയോജിച്ചു. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ ശക്തമായ നെഗറ്റീവ് കാമ്പയിന്‍ നടക്കുന്നു. എന്നെ ഇഷ്ടപ്പെട്ട ആള്‍ക്കാര്‍ പലരും തെറി വിളിക്കുന്ന സാഹചര്യം വന്നു.
ഞാന്‍ ഒരു മതേതര മൂല്യത്തോടു കൂടി നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാന്‍ യഥാർഥത്തില്‍ ട്വന്‍റി20യിലേക്ക് പോകുന്നത്. കാര്യം എനിക്ക് ബിജെപിയുടെ വികസന രാഷ്ട്രീയത്തോട് ഞാന്‍ ഭയങ്കര യോജിപ്പാണ്. പക്ഷേ ബിജെപിയുടെ ഏതെങ്കിലും ഒരു വ്യക്തി പറയുന്ന വര്‍ഗീയതയ്ക്ക് ഒരിക്കലും ഞാന്‍ കൂട്ടുപിടിക്കില്ല. അതിനെ ഞാന്‍ പിന്തുണച്ച് സംസാരിക്കുകയുമില്ല. അതുകൊണ്ട് തന്നെയാണ് ട്വന്‍റി20യില്‍ നില്‍ക്കാം എന്നുള്ള എന്‍റെ തീരുമാനം വരുന്നത്.
ഇതിനെ തുടര്‍ന്ന് എനിക്ക് വരുന്ന സൈബര്‍ അറ്റാക്ക് എല്ലാം സാബു ജേക്കബിന് അറിയാം. അപ്പോഴും ഞാന്‍ ചിന്തിക്കുന്നത് ഇതിനെല്ലാം മറുപടി കൊട്ടാരക്കര വഴി കൊടുക്കണം എന്നാണ്. അങ്ങനെ ഇരിക്കുന്ന എനിക്ക് കൊട്ടാരക്കരയില്‍ സീറ്റ് ഇല്ല എന്ന് ഞാന്‍ അറിയുന്നത് ഫെബ്രുവരി 25-ാം തീയതിയാണ്.
രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് കണ്ടു. അദ്ദേഹം പറഞ്ഞത്, അത് ഞാന്‍ മറന്നുപോയി എന്നാണ്. അതായത് ഒരാളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ കൊണ്ടുവന്ന് സീറ്റ് കൊടുത്തു എന്ന കാര്യം അദ്ദേഹം മറന്നു പോയി എന്ന്. ഞാന്‍ വിചാരിച്ചു അഖില്‍ പത്തനാപുരത്താണ് എന്നാണ് കരുതിയത് എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു, സാറേ, ഇതാണ് അവസ്ഥ. എന്‍റെ സാഹചര്യം ഇതാണ്. നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം എന്ന് അന്ന് അദ്ദേഹത്തിന്‍റെ ഒപ്പം പ്രതീഷ് വിശ്വനാഥ് ഉണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥിനോട് ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. നിങ്ങള്‍ എന്നെ കൊണ്ട് കുഴിയില്‍ ചാടിക്കരുത്. എന്‍റെ ജീവിതം നിങ്ങള്‍ ഇല്ലാതാക്കരുത് എന്ന് പറഞ്ഞു. അഖിലിന് മാന്യമായ അക്കോമഡേഷന്‍ നമ്മള്‍ സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞു. പക്ഷെ ഒടുവില്‍ തൃക്കാക്കര സീറ്റാണ് ലഭിച്ചത്.