ശ്രീനഗർ: കാഷ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില ചുരത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സീറോ പോയിന്റിന് സമീപമുണ്ടായ അപകടത്തിൽ നിരവധി വാഹനങ്ങൾ മഞ്ഞിനടിയിൽപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് ശ്രീനഗർ-ലേ ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ജമ്മു കാഷ്മീർ പോലീസ്, കരസേന, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മേഖലയിലെ മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ദുരന്ത സാധ്യത നിലനിന്നിരുന്നു. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സോനമാർഗ്-കാർഗിൽ പാത താത്കാ ലികമായി അടച്ചു. കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.