മഹാവിസ്മയപ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടോയെന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണം നിർണായകഘട്ടത്തിലെന്ന് ശാസ്ത്രലോകം! ഭൂമിയിൽനിന്ന് 25 പ്രകാശവർഷം അകലെ, അത്യപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയിലേക്ക്, പുതിയ ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തിരിക്കുന്നു! ജിജെ 3378ബി (GJ 3378b) എന്നു പേരു നൽകിയ പുതിയ ഗ്രഹം, ഭൂമിയേക്കാൾ ഇരട്ടി വലിപ്പമുള്ള സൂപ്പർ-എർത്ത് (Super-Earth) ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഗവേഷകസംഘത്തെ നയിച്ച പോൾ റോബർട്ട്സൺ ദി ആസ്ട്രോഫിസിക്കൽ ജേണലിൽ എഴുതിയ പഠനത്തിൽ; പുതിയ ഗ്രഹത്തെ ഭൂമിയുടെ, അയൽവാസി - എന്ന് വിളിക്കാമെന്നു വിശേഷിപ്പിക്കുന്നു. 1,00,000 പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ 25 പ്രകാശവർഷം എന്നത് വളരെ അടുത്താണെന്നതാണ് ഇതിനു കാരണം.
ഗോൾഡിലോക്സ് സോൺ അഥവാ ഹബിറ്റബിൾ സോൺ
ഒരു നക്ഷത്രത്തിനു വളരെ അടുത്തല്ലാതെ, എന്നാൽ ഒരുപാട് അകലെയുമല്ലാതെ കിടക്കുന്ന ഈ മേഖലയിലാണ് ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ജലം ദ്രാവകാവസ്ഥയിൽ കാണപ്പെടാൻ സാധ്യതയുള്ളത്. ജിജെ 3378ബി എന്ന ഗ്രഹം, ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ ഗോൾഡിലോക്സ് സോണിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് സൂര്യനിൽ നിന്നും ലഭിക്കുന്ന വികിരണങ്ങളുടെ തൊണ്ണൂറു ശതമാനത്തോളം പുതിയ ഗ്രഹത്തിനും ലഭിക്കുന്നുണ്ട്.
ഈ ഗ്രഹത്തിന്റെ സ്ഥാനം ജീവന് അനുകൂലമാണെങ്കിലും, ശാസ്ത്രജ്ഞരുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതിനു സ്വന്തമായി, അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്നതാണ്. ജീവൻ നിലനിൽക്കാനും പ്രപഞ്ചത്തിലെ മാരകമായ വികിരണങ്ങളിൽനിന്ന് ഗ്രഹത്തെ സംരക്ഷിക്കാനും അന്തരീക്ഷം അത്യന്താപേക്ഷിതമാണ്.
ശാസ്ത്രജ്ഞരുടെ ഭാഷയിൽ ജിജെ 3378ബി നിൽക്കുന്നത്, കോസ്മിക് ഷോർലൈൻ - എന്ന അതിർവരമ്പിലാണ്. ഒരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിന് അതിന്റെ നക്ഷത്രത്തിൽനിന്നുള്ള കടുത്ത വികിരണങ്ങളെ പ്രതിരോധിച്ച് അന്തരീക്ഷത്തെ പിടിച്ചുനിർത്താൻ കഴിയുമോ എന്നു നിർണയിക്കുന്ന പരിധിയാണിത്.
നമ്മൾ ഭൂമിയെ ഒരു ആപ്പിളിന്റെ വലിപ്പത്തിലേക്ക് ചെറുതാക്കുകയാണെങ്കിൽ, അതിന്റെ അന്തരീക്ഷത്തിന് ആപ്പിളിന്റെ തൊലിയുടെ അത്രയും മാത്രമേ കനം കാണൂ. എന്നാൽ ജലം ദ്രാവകാവസ്ഥയിൽ നിലനിർത്താനും ശ്വസിക്കാൻ വായു നൽകാനും ബഹിരാകാശത്തെ കടുത്ത വികിരണങ്ങളിൽ നിന്നു സംരക്ഷിക്കാനും ആ ചെറിയ കനം മാത്രം മതി- പോൾ റോബർട്ട്സൺ വ്യക്തമാക്കി.
ചൊവ്വയുടെ മുന്നറിയിപ്പ്
അന്തരീക്ഷം നഷ്ടപ്പെട്ടാൽ ഒരു ഗ്രഹത്തിന് എന്തു സംഭവിക്കും എന്നതിന് ചൊവ്വ നമുക്ക് മുന്നിൽ മുന്നറിയിപ്പായി നിൽക്കുന്നുണ്ട്. കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് ചൊവ്വയ്ക്കും കട്ടിയുള്ള അന്തരീക്ഷവും ജലവും ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള സൗരക്കാറ്റുകൾ കാലക്രമേണ ചൊവ്വയുടെ അന്തരീക്ഷത്തെ തുടച്ചുനീക്കിയതോടെയാണ് ഇന്നു കാണുന്ന മരുഭൂമിയായി ചൊവ്വ മാറിയത്.
ബയോസിഗ്നേച്ചർ
ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ടെലിസ്കോപ്പിലുള്ള, ഹബിറ്റബിൾ-സോൺ പ്ലാനറ്റ് ഫൈൻഡർ, അരിസോണയിലെ ഡബ്ല്യുഐവൈഎൻ ടെലിസ്കോപ്പിലെ NEID സ്പെക്ട്രോമീറ്റർ - എന്നിവ ഉപയോഗിച്ചാണ് ഈ വലിയ കണ്ടെത്തൽ നടത്തിയത്.
ജിജെ 3378ബി - ഗ്രഹത്തിൽ അന്തരീക്ഷമുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശക്തിയേറിയ ബഹിരാകാശ ദൂരദർശിനികൾ ആവശ്യമാണ്. അങ്ങനെ അന്തരീക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്താനായാൽ; അവിടെ ജീവന്റെ അടയാളങ്ങളായ, ബയോസിഗ്നേച്ചർ, ജലം എന്നിവ തെരയുന്നതിലേക്കുള്ള ഘട്ടത്തിലേക്കു കടക്കുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായ ഗോഗോഡ് ജെയിംസ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കല്ലെന്ന കണ്ടെത്തലിലേക്ക് നമ്മെ നയിക്കുന്ന ആദ്യ ചുവടുവെപ്പായിരിക്കാം ജിജെ 3378ബി എന്ന ശാസ്ത്രലോകം അടിവരയിടുന്നു.