തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ ഏഴാം പ്രാവശ്യവും ഇഎസ്എ കരട് വിജ്ഞാപനം പുനര്പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഭുവേന്ദ്ര യാദവുമായി എംപിമാര്‍ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരുമായി സമവായത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സഞ്ജയ് കുമാര്‍ കമ്മിറ്റി അന്തിമ വിജ്ഞാപനം ചെയ്യുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് 2014ല്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം വീണ്ടും പുനഃപ്രസിദ്ധീകരിച്ചത്.
123 വില്ലേജുകളിലായി ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴികെ 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എയായി ശിപാര്‍ശ ചെയ്യപ്പെട്ടത്. പിന്നീട് വില്ലേജുകളുടെ എണ്ണം 131ലേക്ക് ഉയര്‍ന്നത് ചില വില്ലേജുകള്‍ വിഭജിച്ച് രണ്ടായി മാറിയതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഇഎസ്എയുടെ അളവില്‍ വ്യത്യാസം വരുന്നില്ല.
ഈ ഘട്ടത്തില്‍ മുന്‍ ഇടതുസര്‍ക്കാര്‍ 8507 ചതുരശ്ര കിലോമീറ്ററായി ഇഎസ്എയുടെ അളവ് കുറയ്ക്കണം എന്ന നിലപാട് മുന്നോട്ടുവച്ചു. 131 വില്ലേജുകള്‍ 98 ആയി കുറയുകയും ചെയ്തു.
എന്നാല്‍, 2025 നവംബറില്‍ നല്കിയ ശിപാര്ശയ്ക്കനുസരിച്ച് തെളിവുകള്‍ നല്കാന് അന്ന് എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചില്ല. പുതിയ സര്‍ക്കാറിന്റെ നിലപാട് അറിയുന്നതിനായി കേന്ദ്രസമിതി ജൂലൈ 14ന് കേരളത്തിലെത്തി മുഖ്യമന്ത്രിയെ ഉള്‍പ്പടെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തി. ഈ ഘട്ടത്തില്‍ 2016ന് ശേഷം കേരളത്തിന്റെ വനവിസ്തൃതി 9100 ചതുരശ്ര കിലോമീറ്റര്‍ എന്നത് 11000ല്‍ അധികമായി വര്‍ധിപ്പിച്ചതിന്റെ സാങ്കേതികത്വം ചൂണ്ടിക്കാണിക്കപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ മേഖലകളെ വനമായി രേഖപ്പെടുത്തിയതിന്റെ ദൂഷ്യഫലമാണ് ഇപ്പോള്‍ പ്രതികൂലമായിരിക്കുന്നത്. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി കഴിഞ്ഞ കരട് വിജ്ഞാപനം പുതുക്കിയിറക്കിയത്. 60 ദിവസത്തിനുള്ളില്‍ ഇതിന്മേല് ആക്ഷേപമുന്നയിക്കാന്‍ സമയപരിധിയും നിശ്ചയിച്ചിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ ഇഎസ്എ വിജ്ഞാപനം ഇറക്കാവൂ എന്ന നിലപാടില്‍തന്നെയാണ് ഉള്ളത്. കേരളം നല്കുന്ന ശിപാര്‍ശകള്‍ അംഗീകരിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണം എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ വകുപ്പു മന്ത്രി ഭുവേന്ദ്ര യാദവിനെ നേരില്‍ക്കണ്ട് നിവേദനം നല്കി.