ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തനം വിലയിരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഎമ്മിനും യുഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. ശബരിമല വിഷയത്തിൽ തന്നെ തലയിൽ ചുമന്നുനടന്ന സിപിഎമ്മിന് ഇപ്പോൾ താൻ കൊള്ളാത്തവനായി മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫിന് തുടർച്ചയായി രണ്ട് ടേം ഭരിക്കാൻ സാധിച്ചത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. എന്നാൽ അന്ന് പിണറായിയെ വാഴ്ത്തിപ്പാടിയവർ തന്നെ പരാജയപ്പെട്ടതോടെ അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തുകയാണ്. യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവർത്തനവും വെള്ളാപ്പള്ളി വിലയിരുത്തി. മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിമാനയാത്രയെ അദ്ദേഹം വിമർശിച്ചു.
സതീശൻ ശൈലി മാറ്റണമെന്നും മുഖ്യമന്ത്രി ആണെന്ന കാര്യം ഇടയ്ക്കിടെ മറക്കുന്നതായി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിക്ക് കുറച്ചുകൂടി പക്വത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നത്തിന് ദീർഘവീക്ഷണത്തോടെ പരിഹാരം കാണാനുള്ള പദ്ധതികൾ വേണം.
സംസ്ഥാനത്ത് മരുന്നുക്ഷാമം ഉണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്രയെയും വെള്ളാപ്പള്ളി വിമർശിച്ചു. അതേസമയം എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കിയതിൽ തെറ്റുപറയാനില്ലെന്നും അദ്ദേഹം മാന്യനായ നേതാവാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.