തൃശൂർ: പലിശനിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താനും ന്യൂട്രൽ നിലപാട് തുടരാനുമുള്ള ആർബിഐ പണനയസമിതി (എംപിസി) തീരുമാനം, വർധിച്ച ആഗോള അനിശ്ചിതത്വങ്ങൾക്കു നടുവിൽ ജാഗ്രതയോടെ കൈക്കൊണ്ടതാണെന്നു മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാർ.
ആഭ്യന്തര സാന്പത്തികനില ഭദ്രമാണെങ്കിലും ക്രൂഡോയിലിനും ഇതര ഉത്പന്നങ്ങൾക്കും വിലവർധിക്കാനും വിതരണം തടസപ്പെടാനുമുള്ള സാധ്യതയാണ് എംപിസി പരിഗണിച്ചത്. വിലക്കയറ്റനിരക്ക് നിശ്ചിതപരിധിക്കുള്ളിലാണെങ്കിലും മാറുന്ന ആഗോളസ്ഥിതിഗതികൾ നിതാന്തജാഗ്രത ആവശ്യപ്പെടുന്നുണ്ട്.
എംപിസി നയം ഭദ്രത ഉറപ്പുതരുന്പോഴും, മാറുന്ന വളർച്ച-വിലക്കയറ്റ സ്ഥിതിഗതികളോടു പ്രതികരിക്കാനുള്ള വഴക്കവും പ്രകടമാണ്.
എംഎസ്എംഇ സ്ഥാപനങ്ങൾക്കുള്ള സാന്പത്തികപിന്തുണ ഉറപ്പാക്കാനും ധനവിപണിയിൽ പങ്കാളിത്തം വ്യാപകമാക്കാനുമുള്ള നടപടികൾ പണലഭ്യത വർധിപ്പിക്കാനും വായ്പാ വളർച്ച നിലനിർത്താനും സഹായിക്കുമെന്ന് അദ്ദേഹം വിലയിരുത്തി.