കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായിരുന്ന വി.വി. രാധാകൃഷ്ണൻ (78) ചെന്നൈയിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ മേത്തല വാഴൂർ കുടുംബാംഗമാണ്.
കിലുക്കം, നരസിംഹം, ആറാം തമ്പുരാൻ, സ്ഫടികം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി ചിത്രങ്ങളുടെ നിർമാണ നിർവഹണത്തിൽ പ്രവർത്തിച്ചു. വിനീത് ശ്രീനിവാസന്റെ ഹൃദയം ആണ് ഒടുവിൽ പ്രവർത്തിച്ച ചിത്രം.
പ്രിയദർശൻ, ഐ.വി. ശശി, ഷാജി കൈലാസ് തുടങ്ങി ഒട്ടേറെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെയും സുരേഷ് ബാലാജി, മേനകാ സുരേഷ് കുമാർ, ഗാന്ധിമതി ബാലൻ തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെയുംകൂടെ പ്രവർത്തിച്ചു.
ഭാര്യ: മണി രാധാകൃഷ്ണൻ. മക്കൾ: ലക്കി കണ്ണൻ, ഹണി രാധാകൃഷ്ണൻ (പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, ചെന്നൈ). മരുമക്കൾ: കണ്ണൻ, ജ്യോഷിത. വ്യാഴാഴ്ച ചെന്നൈ ഗെരുഗംബാക്കത്തെ വീട്ടിലെ ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വടപളനി എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്തെ ശ്മശാനത്തിലെ ഹാളിൽ പൊതുദർശനത്തിനു വക്കും. തുടർന്ന് മൂന്നു മണിക്ക് സംസ്കാരം.