വടക്കാഞ്ചേരി: പഴയ റെയിൽവേ ഗേറ്റ് സുരക്ഷയുടെ ഭാഗമായി റെയിൽവേ അധികൃതർ കെട്ടിയടച്ചു. റെയിൽവേ ട്രാക്കിനുസമീപം അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് റെയിൽവേയുടെ നടപടി. വാഹനങ്ങൾ കടന്നു പോകാത്തവിധം ഇരുമ്പ് പാത്തികൾ ഉപയോഗിച്ചാണ് വഴി തടഞ്ഞിരിക്കുന്നത്.
പഴയ റെയിൽവേ ഗേറ്റിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് റെയിൽവേ അധികൃതർ പുതിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്. ഒഴിഞ്ഞുകിടക്കുന്ന ഗേറ്റ് പരിസരത്ത് റെയിൽവേ ട്രാക്കിന് തൊട്ടടുത്തായി വാഹനങ്ങൾ അശ്രദ്ധമായി പാർക്കുചെയ്യുന്നത് പതിവായിരുന്നു. ഇത് ട്രെയിൻ ഗതാഗതത്തിനും യാത്രക്കാർക്കും വലിയ അപകടഭീഷണി ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ഒരാൾ പൊക്ക ത്തിൽ ഇരുമ്പ് പാത്തികൾ സ്ഥാപിച്ച് ഗേറ്റ് കെട്ടിയടച്ചത്. കാൽനടയാത്രക്കാർക്ക് മാത്രം സുഗമ മായി കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ട്രാക്കിന് അടുത്തേക്ക് കടന്നുചെല്ലാത്തവിധം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ പഴയ ഗേറ്റ് പരിസരത്തെ അപകടസാധ്യതയ്ക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.