തലയോലപ്പറമ്പ്: വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. വർഷങ്ങളായി കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണ്. നാലുചുറ്റും വളർന്നുകയറിയ കാട് ഉപദേശകസമിതിയുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത് അടുത്ത കാലത്താണ്.
സമീപപ്രദേശങ്ങളിലെ ക്ഷേത്രക്കുളങ്ങൾ പടവുകൾകെട്ടി സംരക്ഷിച്ചു മനോഹരമാക്കുമ്പോൾ മൂവാറ്റുപുഴയാറിനോട് ചേർന്നുനിൽക്കുന്ന ഇളങ്കാവ് ക്ഷേത്രക്കുളം നവീകരിക്കാൻ ദേവസ്വം ബോർഡ് ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.
2018ലെ പ്രളയത്തിലാണ് സംരക്ഷണഭിത്തിയുടെ കല്ലുകൾ ഭൂരിഭാഗവും അടർന്നുവീണത്. സംരക്ഷണഭിത്തിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനൊപ്പം തലയോലപ്പറമ്പ്- വൈക്കം പ്രധാന റോഡരികിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം അപകടാവസ്ഥയിൽ നിലംപൊത്താറായ ചുറ്റുമതിൽ പൊളിച്ചുപണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.