പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാസ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേനെയാണ് യുവാവ് പണം തട്ടിയതെന്നാണ് പരാതി.
3,000 മുതൽ 5,000 രൂപ വരെയാണ് ഇയാൾ വാങ്ങിയിരുന്നത്. പുറത്തുനിന്നുള്ളവർക്ക് ആറന്മുള സദ്യ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിരക്ക് 300 രൂപ മാത്രമാണ്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 2,000 രൂപയാണ് പ്രതി കൈക്കലാക്കിയതെന്നാണ് പരാതി.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.