കൊല്ലം: വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സമാപനവും ദൈവദാസന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ചു തൂയം വേളാങ്കണ്ണി തീര്‍ഥാടന കേന്ദ്രം. ആഘോഷങ്ങളുടെ ഉദ്ഘാടനം കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് നിര്‍വഹിച്ചു.
കൊല്ലം രൂപതയിലെ വിശ്വാസസമൂഹത്തിനിടയില്‍ പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തി ജ്വലിപ്പിച്ചു നിര്‍ത്തിയ പുണ്യപരുഷനായിരുന്നു ദൈവദാസന് ബിഷപ് ജെറോമെന്ന് മോണ്‍. ഡോ. ബൈജു ജൂലിയാന് പറഞ്ഞു. പരിശുദ്ധ മറിയത്തോടുള്ള അഗാധമായ ഭക്തിയുണ്ടായിരുന്ന ബിഷപ് ജെറോമിന്റെ പിറന്നാള്‍ മാതാവിന്റെ പിറന്നാള്‍ ദിനത്തില്‍ത്തന്നെ ആയത് ദൈവീക പരിപാലനത്തിന്റെ അടയാളമാണെന്നും അനുസ്മരണ പ്രസംഗത്തില്‍ ഡോ. ബൈജു ജൂലിയാന് പറഞ്ഞു. പിതാവിന്റെ ശക്തമായ അഗ്നിഷുശ്രൂഷയുടെ അടയാളങ്ങളാണ് ഇന്ന് കൊല്ലത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് കാരണമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമെന്നും കൊല്ലത്തിന്റെ വികസനത്തില്‍ സ്വയം സമര്‍പ്പിതരായ വിരലിലെണ്ണാവുന്ന വ്യക്തികളില്‍ ജെറോം പിതാവിന് മുഖ്യസ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദികരുടെയും സിസ്റ്റേഴ്സിന്റെയും നൂറുകണക്കിന് അല്മായരുടെയും സാന്നിധ്യത്തില്‍ ദിവ്യബലിയും കേക്ക് മുറിക്കലും ജെറോം ബിഷപിന്റെ ചിത്രത്തില്‍ പുഷ്പാര്ച്ചനയുമൊക്കെയായി നടന്ന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന അനുസ്മരണ യോഗത്തില്‍ തൂയം ഇടവക വികാരി ഫാ. ബോസ് ആന്റണി, ജ്യോതി നികേതന്‍ കോളജ് ഡയറക്ടര്‍ ഫാ.അഭിലാഷ് ഗ്രിഗറി, ഫാ.ടൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു.