Kerala
ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി അതിക്രമിച്ച കേസിൽ ബന്ധുവായ ഇരുപതുകാരിക്കെതിരേ കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ പോലീസ് അറസ്റ്റ് വൈകിച്ചതാണെന്നും ആരോപിച്ച് കുട്ടികളുടെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ മേയ് 10, 16 തീയതികളിലാണ് കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്തത്. എന്നാൽ ജൂൺ 21ന് മാത്രമാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ തയാറായത്. അതേസമയം പോലീസിന്റെ ഈ നിസംഗതയാണ് പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ സഹായകരമായതെന്ന് കുടുംബം ആരോപിച്ചു.
പരാതി നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്നും കുട്ടികളുടെ കുടുംബം പ്രതികരിച്ചു. കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: പെരുമ്പാവൂരില് വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമിച്ച പ്രതി പിടിയില്. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന് ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്ക്കര് ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന് ശ്രമിച്ചത്.
യുവതി ഒറ്റയ്ക്ക് വീട്ടില് എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില് മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്റെ വാതില് തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന് ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള് അടുക്കി വയ്ക്കാന് ശ്രമിച്ചു.
ഇതിനിടെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്ണ നഗ്നനായി അകത്തു കടക്കുകയും വാതില് കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര് പോലീസില് പരാതി നല്കിയത്.
National
ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.
ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.
Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.
National
കോൽക്കത്ത: ബംഗാളിലെ ആർജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ സാധ്യത.
നോർത്ത് പർഗാനസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തിലാണ് മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുള്ളത്.
നേരത്തെ ബിജെപിയിൽനിന്ന് ഓഫർ വന്നിരുന്നുവെന്നും അന്ന് മാനസികമായി തയാറെടുത്തിരുന്നില്ലെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു. “എന്റെ മകൾക്കു നീതി ഉറപ്പാക്കാനും തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കാനുമാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്’’- അവർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ തുടരാൻ സിപിഎം സഹായിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
ബിജെപി നേതാവ് അർജുൻ സിംഗ് ഈയിടെ യുവഡോക്ടറുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
2024 ഓഗസ്റ്റിലാണ് മുപ്പത്തിയൊന്നുകാരിയായ യുവഡോക്ടർ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് ഡോക്ടർമാരും സന്നദ്ധ സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തി. കുറ്റവാളികളെ തൃണമൂൽ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
Kerala
കാട്ടാക്കട: ജോലി വാഗ്ദാന തട്ടിപ്പിന് ഇരയായ മനോവിഷമത്തിൽ കാട്ടാക്കടയിൽ യുവാവ് ജീവനൊടുക്കി. കാട്ടാക്കട തൂങ്ങാപറ പോങ് വിളയിൽ പ്രീത കോട്ടേജിൽ പ്രമോദ് (44 )ആണ് വീട്ടിലെ മുറിയിൽ കെട്ടി തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ ഭാര്യ പുറത്തിറങ്ങിയ സമയത്താണ് ആത്മഹത്യ.
കാനഡയിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്തുലക്ഷം രൂപയും ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപയും പ്രമോദ് നൽകിയിരുന്നു. അഞ്ച് വർഷം കഴിഞ്ഞിട്ടും ജോലിയും ഇല്ല, കൊടുത്ത തുകയോ ഇല്ല എന്ന സ്ഥിതിയായി. തുക കൈപ്പറ്റിയ ആൾ നിരന്തരം അവധി പറഞ്ഞു മുന്നോട്ട് പോകുമ്പോൾ വായ്പ തുക അടയ്ക്കാത്തതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയും പ്രമോദ് നേരിട്ടിരുന്നു.
കെഎസ്എഫിയിൽനിന്നും ചിട്ടി കൂടി ഇത് ഈട് നൽകി വായ്പ എടുത്താണ് കാനഡയിൽ ജോലി സ്വപ്നം കണ്ട് തുക നൽകിയത് എന്ന് സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സഹകരണ ബാങ്കിൽ ജോലിക്കായി മറ്റൊരാൾ മൂന്ന് ലക്ഷവും പ്രമോദിൽ നിന്നും വാങ്ങി. ഇത് തട്ടിപ്പാണ് എന്ന് മനസിലായതോടെയാണ് പണം തിരികെ കിട്ടാൻ പ്രമോദ് ഇവരെ പിന്നീട് സമീപിച്ചത്. നാളുകളായി ഇതിന്റെ മനോവിഷമം സഹോദരനെ കാര്യമായി ബാധിച്ചിരുന്നു എന്നും സഹോദരൻ പ്രദീപ് പറഞ്ഞു.
ഭാര്യ അഞ്ചു, മകൾ അനന്യ എന്നിവരുമൊത്ത് കുടുംബ വീട്ടിൽ ആണ് പ്രമോദ് കഴിഞ്ഞിരുന്നത്. പ്രമോദ് കൂലിപ്പണിക്ക് പോയും ഭാര്യ അഞ്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയും ആണ് ജീവിതം മുന്നോട്ട് പോയിരുന്നത്. ബാധ്യതകൾ ഏറെ വന്നതോടെ പ്രമോദ് കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കാട്ടാക്കട പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ സംസ്കരിച്ചു. പ്രമോദിന്റെ ആത്മഹത്യ സംബന്ധിച്ച് കടക്കെണിയിലാക്കിയ തൊഴിൽ തട്ടിപ്പ് ഉൾപ്പെടെ സഹോദരൻ പ്രദീപ് കാട്ടാക്കട പോലീസിനു മൊഴി നൽകി.
National
ശ്രീഗംഗാനഗര്: രാജസ്ഥാനിലെ ശ്രീഗംഗാനഗര് ജില്ലയിലെ സുഭാഷ് പാര്ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്ത്തിക്കുന്ന 19 വയസുകാരന് ഓം പ്രകാശ് എന്നയാളാണ് പ്രതി.
ഫോട്ടോഗ്രാഫറായി പ്രവര്ത്തിക്കുന്ന ഇയാള് ഒരു വിവാഹ ചടങ്ങ് കവര് ചെയ്യാന് പോയ സമയത്ത് പെണ്കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന് ശ്രമിച്ചെങ്കിലും പെണ്കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.
ഇതില് പ്രതികാരം ചെയ്യാന് തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില് എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര് പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില് പെണ്കുട്ടിയുടെ വസ്ത്രങ്ങള്ക്കും ഒരു വിരലിനും പൊള്ളലേറ്റു.
മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള് ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില് തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ സൈബർ തട്ടിപ്പ്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വൃദ്ധദന്പതികളായ ഡോ. ഓം തനേജയും ഭാര്യ ഡോ. ഇന്ദിര തനേജയുമാണ് ഇത്തവണ സൈബർ കുറ്റവാളികളുടെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വലയിൽ കുടുങ്ങിയത്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഇരുവരെയും രണ്ടാഴ്ച തടഞ്ഞുവച്ച് 14.85 കോടി രൂപയാണു കുറ്റവാളികൾ തട്ടിയെടുത്തത്.
ദന്പതികൾ പോലീസിനു നൽകിയ പരാതിയനുസരിച്ച് ഡിസംബർ 24നും ഈമാസം പത്തിനുമിടയിലാണ് കുറ്റവാളികൾ ഇവരെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ‘വീട്ടുതടങ്കലിലാക്കിയത്’. ഡിസംബർ 24ന് ഡോ. ഇന്ദിരയുടെ ഫോണിലേക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അജ്ഞാതൻ ഫോൺ വിളിച്ചു.
ഇന്ദിരയുടെ ഫോണ് നന്പർ അശ്ലീലവും അധിക്ഷേപകരവുമായ കോളുകൾക്ക് ഉപയോഗിക്കുകയാണെന്നും ഉടൻതന്നെ ബ്ലോക്ക് ചെയ്യപ്പെടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നീട്, ഇന്ദിര കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.
പിന്നീട് പോലീസ് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോൾ ചെയ്തെന്നും തട്ടിപ്പ് വിശ്വാസയോഗ്യമാക്കാൻ വീഡിയോ കോൾ ചെയ്തവരുടെ പിന്നിൽ ‘കൊളാബ പോലീസ്’ എന്ന് ബാനർ തൂക്കിയിരുന്നെന്നും ഇന്ദിര പറഞ്ഞു. തന്റെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ തട്ടിപ്പിനായി ഉപയോഗിച്ചെന്ന് വീഡിയോ കോൾ ചെയ്തയാൾ ആരോപിച്ചെന്നും ഇന്ദിര പരാതിപ്പെട്ടു. മുംബൈയിലെ കോടതിയിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഭർത്താവ് ശസ്ത്രക്രിയയ്ക്കു വിധേയനായി വിശ്രമത്തിലായതിനാൽ മുംബൈയിലേക്കു വരാനാകില്ലെന്നു ഡോ. ഇന്ദിര പറഞ്ഞതോടെ ദന്പതികളെ ഡിജിറ്റൽ അറസ്റ്റിനു വിധേയരാക്കുകയാണെന്ന് അറിയിച്ചു. 48 വർഷം അമേരിക്കയിൽ ജീവിച്ച് 2015ൽ വിരമിച്ചതിനുശേഷം ഇന്ത്യയിലേക്കു തിരികെ വന്ന വൃദ്ധദന്പതികൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ തങ്ങളുടെ പേരുകളിൽ ചുമത്തപ്പെടുമെന്നു കണ്ടപ്പോഴാണു പരിഭ്രാന്തരായത്.
പിന്നീട് ഈമാസം പത്തിനു രാവിലെ വരെ ദന്പതികളെ ‘ഡിജിറ്റൽ അറസ്റ്റിനു’ വിധേയമാക്കി വീഡിയോ കോളുകളിലൂടെ തട്ടിപ്പുകാർ സദാസമയം നിരീക്ഷിച്ചു. താൻ പുറത്തുപോയപ്പോഴും ഫോണ് കോളുകൾ നടത്താൻ ശ്രമിച്ചപ്പോഴും തട്ടിപ്പുകാർ തന്റെ ഭർത്താവിന്റെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ച് തങ്ങളാരെയും വിളിക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് ഇന്ദിര ചൂണ്ടിക്കാട്ടി.
ഇതിനിടെ തട്ടിപ്പുകാർ പറഞ്ഞ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. 2.10 കോടിയും രണ്ടു കോടിയും അയച്ച ദിവസങ്ങളുണ്ട്. തട്ടിപ്പ് അവസാനിച്ചപ്പോഴേക്കും ദന്പതികളുടെ അക്കൗണ്ടുകളിൽനിന്ന് 14.85 കോടി രൂപയാണു നഷ്ടമായത്.
കഴിഞ്ഞ ശനിയാഴ്ചയാണു തട്ടിപ്പിനെക്കുറിച്ച് ദന്പതികൾക്കു ബോധ്യമായത്. അയച്ച പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിരികെ നൽകുമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ശനിയാഴ്ച ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ നിർദേശിക്കുകയായിരുന്നു.
ഇതുപ്രകാരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും പണം ആർബിഐ റീഫണ്ട് ചെയ്യുമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനം കളവാണെന്നും ഇന്ദിരയ്ക്കു മനസിലായത്. ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ നന്പറായ 1930ൽ ദന്പതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഡൽഹി പോലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എ അറസ്റ്റിലായതിനു പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി അതിജീവിത. രാഹുലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞും ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാർഥനയോടെയും കുറിപ്പ് പങ്കുവച്ചത്.
‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില് ചെയ്ത തെറ്റുകളും ലോകം കേള്ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള് ഞങ്ങളെ ചേര്ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില് നിന്നും ബലമായി പറിച്ചെടുത്തു, സ്വര്ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള് ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന് യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള് ഞങ്ങളോട് ക്ഷമിക്കട്ടേ'
'ഞങ്ങളുടെ കുഞ്ഞുങ്ങള്ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില് നിന്നും ഭീതിയില് നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന് പറ്റാത്ത ഈ ലോകത്തില് നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര് സ്വര്ഗത്തില് എത്തുന്നുവെങ്കില് നിങ്ങളോടിത് പറയും, നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു, നിന്റെ ആത്മാവ് വിലയുള്ളതാണ്'.
'നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്ത്തുപിടിക്കും, കുഞ്ഞാറ്റാ...അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്’. -അതിജീവിത കുറിച്ചു.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി രക്ഷപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്.
അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.