കാസർഗോഡ്: കൃഷിവകുപ്പിനു കീഴിലുള്ള കുണ്ടാറിലെ ആദൂർ-ഗാളിമുഖ കാഷ്യു പ്രൊജനി ഓർച്ചാഡിൽ ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി കാഷ്യു കഫേ കം വ്യൂ പോയിന്റ് ഒരുങ്ങുന്നു. മികച്ചയിനം കശുമാവിൻ തൈകളുടെ വില്പനയിലൂടെ ദേശീയതലത്തിൽ അംഗീകാരം നേടിയ ഫാമിന് രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിൽ നിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്. ഫാമിന്റെ ഭാഗമായ കുണ്ടാർ മായിലാംകോട്ട കുന്നിലാണ് വ്യൂ പോയിന്റ് ഒരുക്കുന്നത്. രാവിലെയും വൈകിട്ടും മഞ്ഞുപുതച്ച് നില്ക്കുന്ന കുന്നിൽ മടിക്കേരിയിലെ ടൂറിസം സ്പോട്ടായ രാജാസ് സീറ്റിന്റെ മാതൃകയിലാണ് വ്യൂ പോയിന്റ് നിർമിക്കുന്നത്.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുണ്ടാറില്‍ നിന്ന് അര കിലോമീറ്റര്‍ ദൂരത്തിലാണ് കാഷ്യു പ്രോജനി ഓര്‍ച്ചാഡിന്റെ പ്രവേശനകവാടം. അകത്തുകടന്ന് ഫാമിലെ കാഴ്ചകൾ ആസ്വദിച്ച് നടന്നു കയറിയാണ് സഞ്ചാരികൾ മായിലംകോട്ടക്കുന്നിന്റെ മുകളിലെത്തേണ്ടത്. .
വ്യൂ പോയിന്റിൽ ഇരുന്നുകൊണ്ട് നാലുഭാഗത്തെയും കാഴ്ചകളും അകലെ പയസ്വിനിപ്പുഴയുടെ സൗന്ദര്യവും കശുവണ്ടിപ്പരിപ്പ് അടക്കമുള്ള ഫാമിന്റെ തനത് ഉത്പന്നങ്ങളുടെ രുചിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും. ഫാമിലെ ചെണ്ടിമല്ലിത്തോട്ടത്തിൽ പൂക്കൾ വിടരുന്ന സമയങ്ങളിൽ ആ കാഴ്ചയും ആസ്വദിച്ച് പടങ്ങളെടുക്കാം. സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഉള്‍പ്പെടെ ഇതിനു പിന്നാലെ സ്ഥാപിക്കും. ഒരു മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഈ വേനൽക്കാലത്തുതന്നെ വ്യൂ പോയിന്റ്. സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കശുമാവ് കൃഷി വികസന ഓഫീസർ മനു നരേന്ദ്രൻ, ഫാം ഓഫീസർ എൻ. സൂരജ് എന്നിവർ പറഞ്ഞു.