കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണം നീളുന്നതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കരാർ വ്യവസ്ഥകൾ അട്ടിമറിച്ചെന്നും നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നെന്നും ആരോപിച്ച് കെ. ജയന്ത് എംഎൽഎ നൽകിയ പരാതിയിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മാർച്ച് ഒമ്പതിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റോഡ് നിർമാണം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രധാനപ്പെട്ട ജോലികൾ പലതും പൂർത്തിയായിട്ടില്ല. മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെ 8.4 കിലോമീറ്റർ ദൂരത്തിലാണ് 24 മീറ്റർ വീതിയിലുള്ള നാലുവരിപ്പാത നിർമിക്കുന്നത്.
ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാത, ഓവുചാൽ, യൂട്ടിലിറ്റി ഡക്റ്റ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്ടുകളും ഒരുക്കുന്നുണ്ട്. ഏഴ് സിഗ്നലുകൾ, 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 350 തെരുവുവിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടപ്പാതയ്ക്ക് പുറത്ത് അരമീറ്റർ വീതിയിൽ മണ്ണിട്ട് ബലപ്പെടുത്തിയ ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകളിൽ കൾവേർട്ടുകൾ നിർമിക്കുന്നതിനും പദ്ധതിയുണ്ട്. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ പാലിച്ചോയെന്നും നിർമാണത്തിൽ ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുക.