കളമശേരി: രാജഗിരി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച വിസ്റ്റ 26 കലാമേളയില്‍ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ 111 പോയിന്റോടെ ജേതാക്കളായി. 56 പോയിന്റ് നേടിയ തേവര സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 54 സ്കൂളുകളില്‍ നിന്നായി 983 വിദ്യാര്‍ഥികള്‍ കലാമേളയില്‍ മാറ്റുരച്ചു. പെര്‍ഫോമിംഗ് ആര്‍ട്സ്, സാഹിത്യം, ശാസ്ത്രം, ഫൈന്‍ ആര്‍ട്സ്, സാങ്കേതികവിദ്യ തുടങ്ങി മേഖലകളിലാണ് മത്സരങ്ങള്‍ നടന്നത്.
രാവിലെ 8.30ന് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ മാനേജര്‍ ഫാ. പൗലോസ് കിടങ്ങേന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. ബാലതാരം ആദിശേഷന്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ സ്കൂളുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ സംവിധായകന് ജൂഡ് ആന്റണി ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സ് കൊച്ചി പ്രൊവിന്‍ഷ്യല്‍ ഫാ. പൗലോസ് കിടങ്ങേന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാര്ട്ടിന് മുണ്ടാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ജസ്ന ഡോണ്‍, പ്രധാനാധ്യാപിക പ്രീതി എല്‍ഡി, പിടിഎ പ്രസിഡന്റ് ഡോ. ജിജോ പോള്‍ തുടങ്ങിയവർ പ്രസംഗിച്ചു.