ഭിന്നശേഷിക്കാർ ക്യൂ നിൽക്കേണ്ടതില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർ, രോഗബാധിതർ, പ്രായമായവർ തുടങ്ങിയ പ്രത്യേക വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന ലഭിക്കും. ഈ വിഭാഗക്കാർക്ക് ക്യൂവിൽ കാത്തുനിൽക്കാതെ പോളിംഗ് ബൂത്തിൽ പ്രവേശിച്ച് വോട്ട് രേഖപ്പെടുത്തി ഉടൻ മടങ്ങാൻ സൗകര്യമുണ്ടാകും. കാഴ്ചപരിമിതർ, അംഗപരിമിതർ, ഗുരുതര രോഗങ്ങളുള്ളവർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക.
അവശരായ വോട്ടർമാർക്കും കാഴ്ചപരിമിതിയുള്ളവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രായപൂർത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. എന്നാൽ ഇതിനായി നിയമപരമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പൂർണമായും പാലിക്കണം. പോളിംഗ് ബൂത്തുകളിൽ വൈദ്യുതി, ശുദ്ധജലം, ഫർണീച്ചർ, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. കൂടാതെ, വോട്ട് ചെയ്യാനായി പുറത്ത് ക്യൂവിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമെങ്കിൽ വിശ്രമിക്കുന്നതിനായി പോളിംഗ് ബൂത്തിന് സമീപം പ്രത്യേക മുറിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദപരമായിരിക്കും. ഹരിതചട്ടം കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
ശാരീരിക അവശത ഉള്ളവർക്ക്
സഹായിയെ അനുവദിക്കും
തദ്ദേശ തെരഞ്ഞെടുപ്പിൽ അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകർക്ക് വോട്ട് ചെയ്യാനായി സഹായിയെ അനുവദിക്കും. അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെയാണ് വോട്ട് രേഖപ്പെടുത്താനായി വോട്ടിംഗ് കന്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുക. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ് അമർത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയെ അനുവദിക്കൂ.
വോട്ട് ചെയ്യുന്പോൾ വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതുകയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. സ്ഥാനാർഥികളെയും പോളിംഗ് ഏജന്റുമാരെയും സഹായികളാകാൻ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാക്കാനും അനുവദിക്കില്ല.
മാർഗനിർദേശങ്ങൾ പാലിച്ച്
ബൂത്തുകൾ സ്ഥാപിക്കണം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനു സമീപം സ്ഥാനാർഥികളുടെ ബൂത്തുകൾ സ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
ഗ്രാമപഞ്ചായത്തിൽ ബൂത്തുകൾ സ്ഥാപിക്കുന്പോൾ പോളിംഗ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ അകലവും, നഗരസഭയിൽ 100 മീറ്റർ അകലവും പാലിക്കണം. സ്ഥാനാർഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ ബൂത്തിൽ സ്ഥാപിക്കാം. ബൂത്തുകൾ നിർമിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതാണ്. പോളിംഗ് ദിനത്തിൽ ഗ്രാമപഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിലും, നഗരസഭയിൽ 100 മീറ്റർ പരിധിയിലും വോട്ട് അഭ്യർഥന പാടില്ല.
ഒബ്സർവർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ പോളിംഗ് സ്റ്റേഷനകത്ത് മൊബൈൽ ഫോണ് അനുവദിക്കില്ല. പോളിംഗ് ദിനത്തിൽ രാഷ്ട്രീയകക്ഷികൾക്കോ സ്ഥാനാർഥിക്കോ വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുന്നതിന് വാഹനമേർപ്പെടുത്താൻ പാടില്ല. നേരിട്ടോ അല്ലാതെയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ്
പേപ്പറിൽ തമിഴിലും പേരുണ്ടാകും
തെരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർഥികളുടെ പേര് തമിഴ് ഭാഷകളിലുമുണ്ടാവും.
ജില്ലയിൽ ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാർഡുകളിൽ തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. ഈ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളിൽ കൂടി വിവരങ്ങൾ അച്ചടിച്ചിട്ടുണ്ടാവും.
സുരക്ഷയ്ക്കായി 4500 പോലീസ്
ഉദ്യോഗസ്ഥർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷയ്ക്കുമായി 4500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 25 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 40 ഇൻസ്പെക്ടർമാർ, 300 സബ് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് തെരഞ്ഞെടുപ്പ് സുരക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. കൂടാതെ 140 പേർ അടങ്ങുന്ന ഒരു കന്പനി കേന്ദ്രസേനയെയും ജില്ലയിൽ വിന്യസിക്കും.
പ്രശ്നബാധിതമെന്ന് കണ്ടെത്തി വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്ന ജില്ലയിലെ 180 പോളിംഗ് ബൂത്തുകളിലും ഒരു അധിക പോലീസ് ഉദ്യോഗസ്ഥനെ വീതം വിന്യസിക്കും. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളിൽ നാല് പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഓരോ സംഘത്തെ അധികമായി വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയും അധികമായി നിയോഗിക്കും.
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകൾക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികൾക്ക് ഏഴ് കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
മുനിസിപ്പാലിറ്റി തലത്തിൽ ഷൊർണൂർ സെന്റ് തെരേസാസ് കോണ്വന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് മുനിസിപ്പൽ ഹാൾ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ), ചിറ്റൂർ അന്പാട്ടുപാളയം തത്തമംഗലം മുനിസിപ്പൽ ഓഫീസ്, പട്ടാന്പി ഗവ. ഹൈസ്കൂൾ, ചെർപ്പുളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മെയിൻ ബ്ലോക്ക്), മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.
ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് തലത്തിൽ തൃത്താല കൂറ്റനാട് വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പട്ടാന്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കെപിടി വൊക്കേഷണൽ ഹൈസ്കൂൾ ആൻഡ് എൻഎസ്എസ് ബിഎഡ് ട്രെയിനിംഗ് കോളജ്, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെൻട്രൽ സ്കൂൾ, കുഴൽമന്ദം പെരിയപാലം സിഎ ഹയർ സെക്കൻഡറി സ്കൂൾ, ചിറ്റൂർ കൊഴിഞ്ഞാന്പാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലങ്കോട് ബിഎസ്എസ് എസ്എച്ച്എസ്എസ് സ്കൂൾ, നെന്മാറ എൻഎസ്എസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, ആലത്തൂർ എഎസ്എംഎം എച്ച്എസ്എസ് എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.