കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമമെന്ന പരാതി വ്യാപകമാകുമ്പോള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ (കെഎംഎസ്സിഎല്) സംഭരണശാലകളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി വിവരാവകാശ രേഖ.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഓരോവര്‍ഷവും ശേഖരിച്ചു നശിപ്പിക്കുന്ന പതിവ് കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം.
കെഎംഎസ്സിഎല്ലിന്റെ 16 സംഭരണശാലകളിലായി 120 കോടിയുടെ മരുന്നുകളാണു നിലവില്‍ സ്റ്റോക്കുള്ളത്. ഈ സ്റ്റോക്കില്‍ കാലാവധി കഴിഞ്ഞ മരുന്നുകളും ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍, കാലാവധി കഴിഞ്ഞത് ഏതൊക്കെ മരുന്നുകളാണെന്നോ അവയുടെ മൂല്യം എത്രയെന്നോ കൃത്യമായി വ്യക്തമാക്കാന്‍ കോര്‍പറേഷനു കഴിഞ്ഞിട്ടില്ല. ഇത്തരം വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ മറുപടി.
14 ജില്ലാ ആസ്ഥാനങ്ങളിലെ സംഭരണശാലകള്‍ക്കു പുറമെ തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളിലുമായി ആകെ 16 സംഭരണശാലകളിലാണ് കെഎംഎസ്സിഎല് മരുന്നുകള്‍ സൂക്ഷിക്കുന്നത്.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ സമയബന്ധിതമായി നീക്കം ചെയ്യാത്തത് മരുന്ന് സംഭരണ-വിതരണ സംവിധാനത്തിലെ കാര്യക്ഷമത സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല പറഞ്ഞു.
തിരുവനന്തപുരത്ത് 25 കോടിയുടെ മരുന്ന്
സംസ്ഥാനത്തെ 16 സംഭരണശാലകളില്‍ ഏറ്റവും കൂടുതല്‍ മരുന്ന് സൂക്ഷിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. 25 കോടി രൂപയുടെ മരുന്നാണ് ഇവിടെ സ്റ്റോക്കുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മരുന്ന് വാങ്ങുന്നതിനായി കെഎംഎസ്സിഎല് ചെലവഴിച്ചത് 5,576.30 കോടി രൂപയാണ്.
ഇതില്‍ 5,131.53 കോടി രൂപ സര്‍ക്കാര്‍ ധനസഹായമാണ്. മരുന്നിന്റെ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ നല്കുന്ന ധനസഹായവും ഉയര്‍ന്നിട്ടുണ്ട്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 313.58 കോടി രൂപയായിരുന്ന സര്‍ക്കാര്‍ ധനസഹായം 2023-24ല്‍ 770.26 കോടി രൂപയായി ഉയര്‍ന്നു. 2025-26ലെ ധനസഹായം 722.30 കോടി രൂപയാണ്.