ഇരിങ്ങാലക്കുട: കനത്ത മഴയെത്തുടര്‍ന്ന് മുകുന്ദപുരം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ ആദ്യ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. നെല്ലായി വില്ലേജിലെ പന്തല്ലൂര്‍ ജനത യുപി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. നിലവില്‍ 13 കുടുംബങ്ങളില്‍ നിന്നായി നാല് കുട്ടികള്‍, 14 പുരുഷന്മാര്, 17 സ്ത്രീകള്‍ ഉള്‍പ്പടെ 35 പേരാണ് ക്യാമ്പിലുള്ളത്.
അതേസമയം, പറപ്പൂക്കര വില്ലേജിലെ രാപ്പാളിന് സമീപം മൈത്രിനഗറിന് എതിര്‍വശത്തുള്ള പറാതോട് ബണ്ട് അപകടാവസ്ഥയിലായതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ബണ്ടിന് സമീപത്തായി താമസിക്കുന്ന 25 കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. മൂന്നുമാസം മുമ്പ് ശക്തമായ കാറ്റില്‍ പനമരം കടപുഴകി വീണ് ബണ്ടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ബണ്ട് ബലപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കനത്ത മഴ തുടര്‍ന്നാല്‍ ബണ്ട് ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് പറപ്പൂക്കര വില്ലേജ് ഓഫീസര്‍ പ്രസീദ ഗോപിനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റില്‍ പുത്തന്‍ചിറ വില്ലേജിലെ പ്രൊജക്ട്കുന്ന് കിഴക്കുവശത്ത് താമസിക്കുന്ന കൊടിവളപ്പില്‍ ലീലയുടെ വീടിന് മുകളില്‍ തെങ്ങുവീണു. വീട് ഭാഗികമായി തകര്‍ന്നു. തൊട്ടിപ്പാള്‍ വില്ലേജില്‍ ക്ഷീരസൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതും അതിഥിതൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്നുമായ കെട്ടിടത്തോടു ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു.